സ്വന്തം ലേഖകൻ: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷിന് ജാമ്യം. ഇത്തരം ഒരു കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറന്റോ സമൻസോ ലഭിച്ചിട്ടില്ലെന്നും ഗിരീഷ് പറഞ്ഞു. രേഖകളെല്ലാം തയാറാക്കി വാഹനം റോഡിലിറക്കിയിട്ടും അനുഭവം ഇതാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഗിരീഷ് പ്രതികരിച്ചു.
റോബിൻ ബസ് ഉടമ ഗിരീഷിനെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടർന്നാണ് അറസ്റ്റ്. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ.
‘‘2012ലെ ഒരു എൽപി വാറന്റ് ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ ആറു കൊല്ലം കട്ടിലിൽ തന്നെ കിടക്കുന്ന കാലഘട്ടമായിരുന്നു അത്. അതിനുശേഷം ഞാൻ ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നു, എങ്ങും പോയിട്ടില്ല. ദിവസവും വീട്ടിലും പോകുമായിരുന്നു. 17 വർഷം കൂടിയിട്ട് രണ്ടു ദിവസം മാറിനിൽക്കേണ്ടി വന്നത് കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ പോയപ്പോയാണ്. ആരാ പരാതിക്കാരെന്നും എന്താ കേസെന്നും അറിയില്ല. ബാങ്കുകാരാണെന്ന് പറയപ്പെടുന്നു.
ഒരു ബസുകാരന്റെ അവസ്ഥ മനസ്സിലായല്ലോ. മുൻപ് ഒരു സമൻസോ വാറന്റോ വന്നിട്ടില്ല. ഇത്രയും കാലം ഞാൻ ചെയ്ത പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലായല്ലോ? എല്ലാ രേഖകളും കൃത്യമാക്കി ഒരു വാഹനം റോഡിലേക്ക് ഇറക്കിയപ്പോൾ എനിക്ക് കിട്ടിയ അനുഭവം ഇതാണ്. യാതൊരു രേഖയും ഇല്ലാതെ വാഹനം കാസർകോട്ടുനിന്ന് ഇങ്ങോട്ട് പോന്നിട്ടുണ്ട്. ആ വാഹനത്തിൽ നമ്മുടെ നേതാവ് ഇരിപ്പുമുണ്ട്. ഈ നേതാവിന് അറിയില്ല അദ്ദേഹം പോകുന്ന വാഹനത്തിന് ഇങ്ങനൊരു പ്രശ്നം ഉണ്ടെന്ന്. ആ രീതിയിലേക്ക് കൊണ്ടുപോയത് ഗതാഗത വകുപ്പാണ്. നേതാവിനെ പറഞ്ഞിട്ട് കാര്യമില്ല. ഗതാഗത വകുപ്പാണ് ഉത്തരവാദി’– ഗിരീഷ് പറഞ്ഞു.
അതേസമയം അറസ്റ്റ് പകപോക്കൽ നടപടിയാണെന്നാണ് ഗിരീഷിൻ്റെ കുടുംബവും അഭിഭാഷകരും ആരോപിക്കുന്നത്. നേരത്തെ റോബിൻ ഗിരീഷിനെതിരെ മൂത്ത സഹോദരൻ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തന്നെ ഗിരീഷ് വര്‍ഷങ്ങളായി പീഡിപ്പിക്കുകയും അര്‍ഹമായ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി ജീവിക്കുകയും ചെയ്യുകയാണെന്നായിരുന്നു പരാതി.
റോബിന്റെ ഭീഷണി മൂലം 20 വർഷത്തോളമായി താനും കുടുംബവും ഒളിവിലെന്ന പോലെ പല സ്ഥലങ്ങളിൽ മാറി മാറി കഴിയുകയാണ്. രോഗിയായ തന്റെ അമ്മയെ കാണുന്നതിന് പോലും റോബിൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും സഹോദരൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
തന്നെയും പ്രായമായ പിതാവിനെയും ഗിരീഷ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തിൽ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല