സ്വന്തം ലേഖകൻ: ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ മലയാളി ബ്ലൂ കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി പഠനം. യുഎ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഹണ്ടർ’ നടത്തിയ പഠനത്തിലാണ് കേരളത്തിൽ നിന്നുള്ള, താഴ്ന്ന വിഭാഗത്തിൽപെട്ട ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്. ആറ് ജി.സി.സി രാജ്യങ്ങളിലും ഒരു കാലത്ത് ഈ മേഖലയിൽ ഏറ്റവും കൂടുതൽ സേവനമനുഷ്ഠിച്ചിരുന്നത് മലയാളി തൊഴിലാളികളായിരുന്നു.
ജി.സി.സി രാജ്യങ്ങളിലെ എല്ലാ പഴയ കെട്ടിടങ്ങളിലും മലയാളികളുടെ കൈയൊപ്പ് ഉണ്ടായിരുന്നു. എന്നാൽ, അടുത്തിടെ ജി.സി.സി രാജ്യങ്ങളിലെ മലയാളികളെക്കാൾ കൂടുതൽ ഉത്തർപ്രദേശുകാരും ബിഹാറികളുമാണുള്ളത്. നിലവിൽ ജി.സി.സിയിലേക്ക് വരുന്ന മലയാളികളുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞതായാണ് ഹണ്ടർ പറയുന്നത്. ഏറെ ശാരീരിക അധ്വാനം ആവശ്യമുള്ള കെട്ടിട നിർമാണമടക്കമുള്ള മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് പൊതുവേ ബ്ലു കോളർ തൊഴിലാളികളെന്ന് പറയുന്നത്.
ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യയിൽനിന്ന് ജി.സി.സി രാജ്യങ്ങളിലെത്തുന്ന ബ്ലു കോളർ ജോലിക്കാരുടെ എണ്ണം 50 ശതമാനം വർധിച്ചിരുന്നു. ഇതിൽ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ജോലിക്കാരാണ് കൂടുതലുള്ളത്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഇതിനു ശേഷമാണുള്ളത്.
സൗദി അറേബ്യ, യുഎ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് കൂടുതൽ ബ്ലൂ കോളർ ജോലിക്കാർ എത്തുന്നത്. 20നും 40നും ഇടക്കുള്ളവരാണ് കാര്യമായി ജി.സി.സി രാജ്യങ്ങളിലേക്ക് തൊഴിൽ തേടി എത്തുന്നത്. പണ്ട് മുതലേ പുരുഷന്മാരാണ് ജി.സി.സിയിൽ കൂടുതൽ എത്തുന്നത്. എന്നാൽ അടുത്തിടെ സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഇവർ കാര്യമായി സേവനം ചെയ്യുന്നത്.
ഒമാനിൽ മലയാളികളുടെ എണ്ണം കുറയാൻ നിരവധി കാരണങ്ങളുണ്ട്. പുതിയ തലമുറയിൽപെട്ട ബഹുഭൂരിപക്ഷവും നിർമാണ മേഖല അടക്കമുള്ള മേഖലയിലേക്ക് വരാൻ മടിക്കുന്നവരാണ്. അതിനാൽ ഈ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. പത്തുവർഷം മുമ്പുവരെ ഈ മേഖലയിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് മലയാളികളായിരുന്നു.
ഒമാനിലെ നിർമാണ കമ്പനികൾ അധികവും മലയാളി ഉടമസ്ഥതയിലായിരുന്നതും ഒരു കാരണമാണ്. അതിനാൽ അക്കാലങ്ങളിൽ നിർമിച്ച എല്ലാ കെട്ടിടങ്ങളിലും റോഡുകളിലും മലയാളികളുടെ വിയർപ്പുണ്ടാവും. എന്നാൽ, ക്രമേണ മലയാളി നിർമാണ കമ്പനികൾ കുറയുകയും കേരളീയരുടെ എണ്ണം കുറയുകയുമായിരുന്നു.
കേരളത്തിലെ പുതിയ തലമുറ വിദ്യാഭ്യാസ മേഖലയിൽ ഉന്നതി നേടിയവരാണ്. നല്ല ശതമാനം ബിരുദമോ മറ്റ് സാങ്കേതിക വിദ്യാഭ്യാസമോ ഉള്ളവരാണ്. അതിനാൽ ഇത്തരക്കാർ നിർമാണ ജോലികളോ മറ്റോ ചെയ്യാൻ തയാറല്ല.
അതോടൊപ്പം ഒമാനിൽ നിർമാണ രംഗത്തും മറ്റുമുണ്ടായിരുന്ന മുൻതലമുറ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയവരാണ്. അവരുടെ മക്കളെങ്കിലും ഗൾഫ് രാജ്യങ്ങളിലെ മരുഭൂമികളിൽ വെയിൽ കൊള്ളരുതെന്ന് പലർക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഇത്തരക്കാരിൽ പലരും മക്കൾ ഉന്നത വിദ്യാഭ്യാസം നൽകാൻ ശ്രമിച്ചിരുന്നു.
ഒരു കാലത്ത് മലയാളികളുടെ സ്വപ്നഭൂമിയായിരുന്നു ഗൾഫ്. എങ്ങനെയെങ്കിലും ഗൾഫിലെത്തുകയെന്നതായിരുന്നു പലരുടെയും ലക്ഷ്യം. എന്നാൽ ഗൾഫിൽ തൊഴിലവസരങ്ങൾ കുറഞ്ഞതോടെയും മലയാളികളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതോടെയും മലയാളികളുടെ ഗൾഫ് സ്വപ്നം ഗണ്യമായി കുറഞ്ഞു. ഇപ്പോൾ മലയാളികൾ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി എത്തുന്നുണ്ടെങ്കിലും ബ്ലൂ കോളർ ജോലിക്കെത്തുന്നവർ വിരളമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല