സ്വന്തം ലേഖകൻ: കൊല്ലത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.
ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
20 മണിക്കൂറുകളിലധികം നീണ്ട ആശങ്കയ്ക്ക് ഒടുവിൽ അബിഗേൽ സാറയെ ആദ്യം കണ്ടെത്തിയത് കൊല്ലം എസ്എൻ കോളേജിലെ ധനഞ്ജയും കൂട്ടുകാരികളുമാണ്. പരീക്ഷ കഴിഞ്ഞ് മൈതാനത്തെത്തിയ ധനഞ്ജയും സുഹൃത്തുക്കളും മറ്റൊരു വശത്ത് ഒരു സ്ത്രീയും കുഞ്ഞും ഇരിക്കുന്നതാണ് ആദ്യം കണ്ടത്.
ഇരുവരുടെയും മുഖത്ത് മാസ്ക് ഉള്ളതിനാൽ ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് സ്ത്രീ കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി പോയി. കുട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ടിട്ടാണ് ധനഞ്ജയും സുഹൃത്തുക്കളും കുട്ടിയുടെ അരികിലെത്തിയത്.
ശേഷം മാസ്ക് മാറ്റാൻ കുട്ടിയോട് പറയുകയും ഫോണിൽ നോക്കി ഇത് തന്നെയാണ് അബിഗേലെന്ന് ഇവർ ഉറപ്പിക്കുകയായിരുന്നു. മൈതാനത്തുള്ള മറ്റുള്ളവരോട് ഇത് പറയുകയും അവരിൽ ഒരു പ്രായമായ ആളാണ് പോലീസിനെ വിളിച്ചു പറഞ്ഞതെന്നും പെൺകുട്ടികൾ പറഞ്ഞു.
മഞ്ഞ ചുരിദാറിട്ട ഏകദേശം 35 വയസ് പ്രായം വരുന്ന സ്ത്രീയാണ് കുഞ്ഞിനെയുമായെത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവർ ഓട്ടോറിക്ഷയിലാണ് വന്നതെന്നും വിവരമുണ്ട്.
പ്രതികളെ പിടിക്കാന്‍ സാധിച്ചില്ലെന്ന ഗുരുതര വീഴ്ച നിലനില്‍ക്കെത്തന്നെ കുട്ടിയെ ലഭിച്ചല്ലോയെന്ന ആശ്വാസത്തിലാണ് കേരളം. പ്രത്യക്ഷത്തില്‍ ആരോഗ്യസ്ഥിതി മെച്ചമായിരിക്കുന്ന അബിഗേല്‍ അച്ഛനൊപ്പം സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല