സ്വന്തം ലേഖകൻ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിർത്തലിന്റെ കാലാവധി ഇന്ന് വൈകുന്നേരം തീരാനിരിക്കെയാണ് രണ്ടുദിവസത്തേക്ക് കൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ ധാരണയായതെന്ന് അദ്ദേഹം അറിയിച്ചു.
150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനായിരുന്നു വ്യവസ്ഥ. ഇത് ഘട്ടംഘട്ടമായി പൂർത്തിയാവുകയാണ്. വെടിനിർത്തലിന് പുറമേ, ഗസയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിച്ചിരുന്നു.
ഇസ്രയേലിൽനിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയ 240-ഓളം ബന്ദികളിൽ 50 പേരെ നാലുദിവസത്തിനുള്ളിൽ വിട്ടയക്കുമെന്നായിരുന്നു കരാറിലെ ഉറപ്പ്. പകരം ഇസ്രയേൽ ജയിലിൽ കിടക്കുന്ന പലസ്തീൻകാരിൽ 150 പേരെ വിട്ടയക്കുമെന്നും ധാരണയുണ്ടായിരുന്നു. അതനുസരിച്ചാണ് നാലുദിവസവും കാര്യങ്ങൾ നീങ്ങിയത്.
വെടിനിർത്തലിന്റെ ആദ്യ മൂന്നുദിവസങ്ങളിലായി 39 ഇസ്രയേലി ബന്ദികളുൾപ്പെടെ 58 പേരെ ഹമാസ് മോചിപ്പിച്ചു. നാലാംദിവസം മോചിപ്പിക്കുന്ന 11 ഇസ്രയേൽക്കാരുടെ പട്ടിക കൈമാറുകയുംചെയ്തു. ഇസ്രയേലി-യുഎസ്. പൗരയായ നാലുവയസ്സുകാരി അബിഗെയ്‌ൽ ഈഡനും മോചിതരായവരിൽ ഉൾപ്പെടുന്നു. രക്ഷിതാക്കളെ വധിച്ചശേഷമാണ് കുട്ടിയെ ഹമാസ് ബന്ദിയാക്കിയത്. മൂന്നുദിവസത്തിനിടെ 117 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഖത്തർ, ഈജിപ്ത്, യുഎസ്. എന്നിവയുടെ നേതൃത്വത്തിലാണ് വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ നടന്നത്.
അതിനിടെ, ഗാസയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് ഇറാൻ തിങ്കളാഴ്ച ആവശ്യപ്പെട്ടു. വെടിനിർത്തൽ ദീർഘനാളത്തേക്കു നീട്ടണമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ പ്രതിനിധി ജോസപ് ബോറെൽ പറഞ്ഞു. വെടിനിർത്തൽ കഴിഞ്ഞാലും യുദ്ധം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്നതിനായി രണ്ടുമാസംകൂടി യുദ്ധംചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് യുഎൻ. രക്ഷാസമിതിയിൽ ഈയാഴ്ച നടക്കുന്ന യോഗത്തിന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അധ്യക്ഷതവഹിക്കുമെന്ന് ചൈന അറിയിച്ചു. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 15,000-ത്തിലേറെപ്പേർ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല