ഒരു ബ്രയന്‍ ലാറ, അതല്ലെങ്കിലൊരു കാള്‍ ഹൂപ്പര്‍, കുറഞ്ഞതൊരു ജിമ്മി ആഡംസെങ്കിലുമുണ്ടായിരുന്നെങ്കില്‍…’ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ ആശിച്ചുപോകുന്നുണ്ടാകും. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്സ് പരാജയത്തിനരുകില്‍ നില്‍ക്കുമ്പോള്‍ സമ്മിയല്ല, മറ്റാരായാലും പ്രതിഭാധനരുടെ, പ്രത്യേകിച്ച് സ്പിന്നിനെ പ്രതിരോധിക്കാനെങ്കിലും അറിയുന്നവരുടെ സാന്നിധ്യം ആഗ്രഹിച്ചുപോകും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയുര്‍ത്തിയ റണ്‍മല കയറാനിറങ്ങിയ കരീബിയന്‍ പട ആദ്യ ഇന്നിങ്സില്‍ 153 റണ്‍സിന് അ ടിതെറ്റിവീണു. മൂന്നാംദിനം ഫോളോഓണ്‍ ചെയ്ത അവര്‍ രണ്ടാം ഇന്നിങ്സില്‍ മൂന്നിനു 195 എന്ന നിലയില്‍; ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 283 റണ്‍സ് കൂടി വേണം. ഡാരെന്‍ ബ്രാവോയും (38) ശിവനാരായണ്‍ ചന്ദര്‍പോളും (21) ക്രീസില്‍. സ്കോര്‍: ഇന്ത്യ-7ന് 631. വിന്‍ഡീസ്- 153, 3ന് 195.
ബാറ്റ്സ്മാന്‍മാര്‍ക്കു പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരും ഹീറോയിസം തുടര്‍ന്നപ്പോള്‍ വിന്‍ഡീസിനെ കാത്തിരുന്നതു മറ്റൊരു ദുരിതദിനം. 48 ഓവറില്‍ അവരുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. വിന്‍ഡീസ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിനെ പിച്ച് സഹായിച്ചില്ല. എന്നാല്‍, പ്രജ്ഞാന്‍ ഓജയെ ആവോളം തുണച്ചു. നാലു വിക്കറ്റുമായി ഓജ ഒരിക്കല്‍ക്കൂടി വിന്‍ഡീസിന്‍റെ അന്തകനുമായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ യുവ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവും രണ്ടു വിക്കറ്റ് വിഴ്ത്തിയ ആര്‍. അശ്വിനും കരീബിയന്‍ മധ്യനിരയെ നിര്‍വീര്യമാക്കി.
2നു 34 എന്ന നിലയില്‍ കളി പുനരാരംഭിച്ച വിന്‍ഡീസിനു തുടക്കത്തില്‍ത്തന്ന തിരിച്ചടിയേറ്റു, കിര്‍ക്ക് എഡ്വേര്‍ഡ്സ് (16) ഓജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പിന്നാലെ ചന്ദര്‍പോളിനെ (4) വീഴ്ത്തി അശ്വിന്‍ കരീബിയന്‍ മുറിവില്‍ ഉപ്പുതേച്ചു. ഡാരെന്‍ ബ്രാവോയും (30), മാര്‍ലണ്‍ സാമുവല്‍സും (25) ഒത്തുചേര്‍ന്നപ്പോള്‍ അവര്‍ക്ക് ഇടക്കാലാശ്വാസം. ആത്മവിശ്വാസത്തോടെ കളിച്ച ഇരുവരും 46 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, ഉമേഷ് യാദവിന്‍റെ നിരുപവദ്രകാരിയായ പന്തിനെ സ്റ്റംപിലേക്കു ക്ഷണിച്ച ബ്രോവോ വിന്‍ഡീസിന്‍റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. സാമുവല്‍സിനെയും യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നെ എതിരാളിയുടെ വാലറ്റത്തെ അരിഞ്ഞു വീഴ്ത്തുന്ന പണി ഓജ ഏറ്റെടുത്തു. കാള്‍ട്ടന്‍ ബോ (13), ഡാരന്‍ സമ്മി (18), ഫിഡല്‍ എഡ്വേര്‍ഡ്സ് (16) എന്നിവരെല്ലാം ഓജാജാലത്തില്‍ മയങ്ങിവീണു.
രണ്ടാം ഇന്നിങ്സിലും വിന്‍ഡീസിനു നിലയുറപ്പിക്കും മുന്‍പു വിക്കറ്റ് നഷ്ടം. ഉമേഷ് യാദവിന്‍റെ പന്തില്‍ ക്രെയ് ബ്രാത്ത്വൈറ്റ് (9) ധോണി യുടെ ഗ്ലൗസിലൊതുങ്ങി. രണ്ടാം വിക്കറ്റില്‍ വിന്‍ഡീസിന്‍റെ മറ്റൊരു മുഖം ഇന്ത്യ ദര്‍ശിച്ചു. അഡ്രിയന്‍ ഭരത്തും കിര്‍ക്ക് എഡ്വേര്‍ഡ്സും കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി. ഇരുവരും 93 റണ്‍സും ചേര്‍ത്തു. ഭരത്തിനെ (62) ഇശാന്ത് ശര്‍മ പുറത്താക്കുമ്പോള്‍ ഇന്ത്യയ്ക്കു വീണ്ടും മൂന്‍തൂക്കം. ഡാരെന്‍ ബ്രാവോയും എഡ്വേര്‍ഡ്സും 45 റണ്‍സിന്‍റെ സഖ്യമുണ്ടാക്കി. ഇടയ്ക്കൊക്കെ ആക്രമണരൂപം പൂണ്ട ബ്രാവോ മൂന്നു സിക്സറുകള്‍ പറത്തി. എന്നാല്‍, എഡ്വേര്‍ഡ്സിനെ (60) മടക്കി ഇശാന്ത് വീണ്ടും മൂര്‍ച്ച കാട്ടിയപ്പോള്‍ വിന്‍ഡിസീനു വീണ്ടും നിരാശ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല