സ്വന്തം ലേഖകൻ: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തു വിട്ടു. കുട്ടിയെ തട്ടികൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഓയൂരില്‍ നിന്നും പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്തു നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായംതേടി പോലീസ്. KL-04 AF 3239 എന്ന നമ്പര്‍ നിര്‍മിച്ച സ്ഥാപനങ്ങള്‍ പോലീസിനെ ബന്ധപ്പെടണമെന്നാണ് അഭ്യര്‍ഥന. പോലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്പറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുദിവസമായിട്ടും പ്രതികളെക്കുറിച്ച് കാര്യമായവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പോലീസ് സഹായം തേടിയിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ ഉപയോഗിച്ചിരുന്ന KL 04 AF 3239 നമ്പര്‍പ്ലേറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യഥാര്‍ഥത്തില്‍ ഈ നമ്പര്‍ മലപ്പുറം സ്വദേശിയുടെ വാഹനത്തിന്റേതാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഈ നമ്പര്‍ വ്യാജമായി നിര്‍മിച്ചെടുത്ത് തങ്ങളുടെ കാറില്‍ ഉപയോഗിക്കുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്തശേഷം പ്രതികള്‍ ഇത് വാഹനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ഓയൂര്‍ പൂയപ്പള്ളിയില്‍നിന്ന് ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നാടാകെ പോലീസിന്റെ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, കുട്ടിയെ കണ്ടെത്താനായി പോലീസിന്റെ വ്യാപക പരിശോധന നടക്കുന്നതിനിടെ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഒരുസ്ത്രീയാണ് കുഞ്ഞുമായി മൈതാനത്ത് എത്തിയതെന്നും കുട്ടിയെ അവിടെ ഇരുത്തിയശേഷം ഇവര്‍ നടന്നുപോയെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ മൊഴിനല്‍കിയിരുന്നത്. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്ത് 48 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തതയില്ല.
മാത്രമല്ല, വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെയാണ് കുട്ടിയെ നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്ത് എത്തിച്ച് യുവതി കടന്നുകളഞ്ഞതെന്നതും പോലീസിന് വെല്ലുവിളിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല