സ്വന്തം ലേഖകൻ: കേരള നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ട് വര്‍ഷത്തോളം ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമസഭ പാസ്സാക്കിയ ധനബില്ലില്‍ ഉടന്‍ തീരുമാനം എടുക്കാനും ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന എട്ട് ബില്ലുകളില്‍ ഏഴെണ്ണം രാഷ്ട്രപതിക്ക് അയച്ചതായി അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. ഒരെണ്ണത്തിന് അനുമതി നല്‍കിയതായും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ചട്ടങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നെണ്ണം നേരത്തെ ഓര്‍ഡിനന്‍സായി ഇറക്കിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവച്ചതാണ്. ഓര്‍ഡിനന്‍സുകളില്‍ പ്രശ്നം ഒന്നും കാണാതിരുന്ന ഗവര്‍ണര്‍ക്ക് പിന്നീട് അവ ബില്ലുകള്‍ ആയപ്പോള്‍ പിടിച്ചുവെക്കാന്‍ അധികാരമില്ലെന്ന് കെ.കെ. വേണുഗോപാല്‍ വാദിച്ചു. അതുപോലെ, രാഷ്ട്രപതിക്ക് ബില്ലുകള്‍ അയച്ചതിനുള്ള കാരണം ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും എട്ട് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലുണ്ടെന്നും, അതില്‍ ഒന്ന് ധനബില്ലാണെന്നും കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ധനബില്ലില്‍ തീരുമാനം വൈകുന്നത് സംസ്ഥാനത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് ധനബില്ലില്‍ തീരുമാനം വൈകാതെ എടുക്കണെമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം ഗവര്‍ണറെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ട രമണിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി നിലവിലെ ഹര്‍ജിയില്‍ ഭേദഗതി അപേക്ഷ നല്കാന് കേരളത്തിന് സുപ്രീം കോടതി അനുമതി നല്കി. അതേസമയം, മാര്‍ഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിര്‍ത്തു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന് പുറമെ, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ വി. മനു എന്നിവരും ഹാജരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല