സ്വന്തം ലേഖകൻ: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സമുദ്രാന്തര്‍ പാതയ്ക്ക് സൗദി മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്കി. ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) യുടെ തത്വങ്ങള്‍ സംബന്ധിച്ച ധാരണാപത്രത്തിന് (എംഒയു) അംഗീകാരം നല്‍കിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭാ യോഗം. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ധാരണാപത്രം തയ്യാറാക്കിയത്. ഇന്ത്യ, അമേരിക്ക, യുഎഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന് എന്നിവയാണ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ച മറ്റു കക്ഷികള്‍.
ഏഷ്യ, പശ്ചിമേഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവ തമ്മിലുള്ള ബന്ധവും സംയോജനവും വര്‍ധിപ്പിച്ച് സാമ്പത്തിക വികസനം ഉയര്‍ത്താനാണ് ഇടനാഴി ലക്ഷ്യമിടുന്നത്. ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴി, പശ്ചിമേഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴി എന്നീ രണ്ട് വ്യത്യസ്ത മെഗാ പ്രോജക്റ്റുകളാണ് ഐഎംഇസിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തെക്ക് കിഴക്കന്‍ ഏഷ്യ, ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ട്രാന്‍സ്ഷിപ്പ്മെന്റിന് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ പരിഹാരം പ്രദാനം ചെയ്യുന്നതാണ് സമുദ്രാന്തര്‍ പാത. രാജ്യങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് കര-കടല്‍ അതിര്‍ത്തികള്‍ താണ്ടി റെയില്‍ ലൈന്‍ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്ക് എന്നതാണ് സാമ്പത്തിക ഇടനാഴി പദ്ധതി.
കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുങ്ങിയാല് രണ്ട് മണിക്കൂര്‍ കൊണ്ട് ട്രെയിനില്‍ ഇന്ത്യ-ഗള്‍ഫ് സഞ്ചാരം സാധ്യമാവും. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആയിരിക്കും സമുദ്രാന്തര്‍ പാത എത്തിച്ചേരുക. ഇവിടെ നിന്ന് ഇതര ജിസിസി രാജ്യങ്ങളിലേക്കും കണക്റ്റിവിറ്റി ഉണ്ടാവും. അള്‍ട്രാ സ്പീഡ് ഫ്ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ചാണ് ഇത് അതിവേഗ സഞ്ചാരം സാധ്യമാക്കുക. ഫുജൈറയും മുംബൈയും തമ്മിലുള്ള കടല്‍ ദൂരം 1826 കിലോമീറ്ററാണ്.
ചരക്ക് കൈമാറ്റം കുറഞ്ഞ ചെലവില്‍ സാധ്യമാക്കാന്‍ സാമ്പത്തിക ഇടനാഴിയിലൂടെ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാനും ഇന്ത്യയില്‍ നിന്ന് കുടിവെള്ളം കൈമാറ്റം ചെയ്യാനും സാധിക്കുന്ന സമുദ്രാന്തര്‍ ടണല്‍ പദ്ധതി നേരത്തേ തന്നെ ചര്‍ച്ചയായിരുന്നു. യുഎഇയില്‍ ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ ആശയം അവതരിപ്പിക്കപ്പെടുകയുണ്ടായി.
ഇതിനിടെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതി വരുന്നത്. ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുമായി ചൈന രംഗത്തെത്തിയതാണ് യുഎസിനെ ബദല്‍ പദ്ധതിക്ക് പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ജി 20 ഉച്ചകോടി നടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ പദ്ധതിക്കായി കളമൊരുക്കുകയും ഏറെ മുന്നോട്ടുപോവുകയും ചെയ്തു. സൗദി അറേബ്യയെ കൂടി പദ്ധതിയുടെ പ്രധാന ഗുണഭോക്താവാക്കി അമേരിക്ക നടത്തിയ നീക്കം ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല