1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2023

സ്വന്തം ലേഖകൻ: കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പുനര്‍നിയമന ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ നിയമപരമായ തന്റെ അധികാരം പൂര്‍ണ്ണമായും അടിയറവെച്ചു.

ഇത് നിയമനപ്രക്രിയയെ അസാധുവാക്കുന്നു. വി.സി സ്ഥാനത്തേക്കുള്ള യോഗ്യതയെക്കുറിച്ച് കോടതി പരിശോധിച്ചിട്ടില്ല. അത് ചെയ്യേണ്ടത് നിയമനം നടത്തുന്ന അതോറിറ്റിയാണ്. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നിരിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രധാനമായും ഈ നാലുകാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്‌:

നിശ്ചതി കാലാവധിയുള്ള സ്ഥാനത്തേക്ക് പുനര്‍നിയമനം സാധ്യമാണോ? 2. പുനര്‍ നിയമനത്തിന് 60 വയസ്സ് പ്രായപരിധി തടസ്സമാണോ? 3. നിയമനത്തിന്റെ നടപടിക്രമങ്ങള്‍ പുനര്‍നിയമനത്തില്‍ പിന്‍തുടരേണ്ടതുണ്ടോ? 4. നിയമനത്തിനുള്ള നിയമപരമായ അധികാരം ഉപയോഗിക്കാന്‍ ചാന്‍സലര്‍ക്ക് സാധിച്ചിട്ടുണ്ടോ?

നിശ്ചിതകലാവധിയുള്ള സ്ഥാനത്തേക്ക് പുനര്‍നിയമനം സാധ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുനര്‍നിയമനത്തിന് 60 വയസ്സെന്ന പ്രായപരിധി തടസ്സമല്ലെന്നും നിയമനത്തിന്റെ നടപടികള്‍ പുനര്‍നിയമനത്തിൽ പിന്തുടരേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ മൂന്നുവിഷയത്തിലും സര്‍ക്കാരിന്‍റെ നിലപാട് കോടതി അംഗീകരിച്ചു. എന്നാല്‍, നിയമന പ്രക്രിയയിൽ ബാഹ്യ ഇടപെടല്‍ ഉണ്ടായതായും ചാന്‍സലര്‍ക്ക് നിയമപരമായ തന്റെ അധികാരം പൂര്‍ണ്ണമായും അടിയറവെക്കേണ്ടിവന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വി.സിയുടെ നിയമനം കോടതി റദ്ദാക്കിയത്‌.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസ് ജെ.ബി. പാര്‍ദിവാലയാണ് കോടതിയില്‍ വിധി വായിച്ചത്.

വി.സിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 17- ന് ഹര്‍ജ്ജിയിന്മേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്കെതിരായി സത്യവാങ്മൂലം നൽകിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

വി.സിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വി.സിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

പിന്നീടാണ് രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് വി.സി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത്. തുടര്‍ന്ന്, വി.സി. നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞു. സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് വി.സി. നിയമനത്തില്‍ അനുകൂല നിലപാടെടുത്തതെന്ന ഗവര്‍ണറുടെ വാദത്തെ സാധൂകരിക്കുന്നതായിരുന്നു മന്ത്രി ആര്‍. ബിന്ദുവിന്റെ കത്ത്. നിയമനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അതിന് കാരണമായത് സര്‍ക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്.

ഗോപിനാഥ് രവീന്ദ്രനെ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാന്‍സലര്‍ എന്ന നിലയ്ക്കാണ് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പുതിയ വി.സി.യെ കണ്ടെത്താനുള്ള സമിതിയെ പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. എന്നാല്‍, ചാന്‍സലറുള്ളപ്പോള്‍ പ്രോ-ചാന്‍സലര്‍ക്ക് സവിശേഷ അധികാരമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇല്ലാത്ത സവിശേഷ അധികാരം ഉണ്ടെന്ന തരത്തിലാണ് ഗോപിനാഥ് രവീന്ദ്രനുവേണ്ടി മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.