സ്വന്തം ലേഖകൻ: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 6.7 മില്ല്യണിലധികം ആളുകള്‍ അംഗങ്ങളായി. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി.
കഴിഞ്ഞ മാസം ഒന്നാം തീയതി വരെയായിരുന്നു തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം സമയം അനുവദിച്ചിരുന്നത്. അവസാന ദിവസം ആയിരക്കണക്കിന് ആളുകളാണ് പദ്ധതിയില്‍ അംഗമായത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതിയില്‍ ചേരാത്തവര്‍ക്ക് മാനവവിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം പിഴ ചുമത്തിതുടങ്ങി.
മന്ത്രാലയത്തിന്റെ ഔദ്യാഗിക വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ബിസിനസ് കേന്ദ്രങ്ങള്‍ വഴിയും പിഴയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് അവസരമുണ്ട്. പദ്ധതിയില്‍ അംഗമാകാത്തവര്‍ നാനൂറ് ദിര്‍ഹമാണ് പിഴ അടക്കേണ്ടത്. അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ ഇരൂനൂറ് ദിര്‍ഹം പിഴയും അടക്കേണ്ടി വരും.
നിശ്ചിത കാലയളവിനുളളില്‍ പിഴ അടക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ മറ്റ് ആനുകൂല്യങ്ങളില്‍ നിന്നോ തുക ഈടാക്കാനാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല