സ്വന്തം ലേഖകൻ: വെടിനിർത്തൽ നീട്ടാനുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാർപ്പിടകേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 178 പലസ്തീൻകാർ കൊല്ലപ്പെട്ടു. 589 പേർക്കു പരുക്കേറ്റു.
വടക്കൻ ഗാസയിൽനിന്നു വീടുവിട്ടോടിയ ആയിരങ്ങൾ അഭയം തേടിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം. വടക്കൻ, മധ്യ ഗാസയിലെ ഒട്ടേറെ വീടുകളും ബോംബിട്ടുതകർത്തു. ഖാൻയൂനിസിന്റെ കിഴക്കൻ മേഖലയിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ നോട്ടിസുകൾ വിതറി. ഇതോടെ പടിഞ്ഞാറൻ മേഖലയിലേക്കു ജനങ്ങൾ കാൽനടയായി വീണ്ടും പലായനം തുടങ്ങി.
നവംബർ 24 ന് ആരംഭിച്ച വെടിനിർത്തൽ ഇന്നലെ രാവിലെ 7നാണ് അവസാനിച്ചത്. 2 മണിക്കൂറിനകം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. ഇതോടെ റഫാ ഇടനാഴി വഴി ഗാസയിലേക്കുള്ള സഹായവിതരണവും സ്തംഭിച്ചു. മരുന്നും ഭക്ഷ്യവസ്തുക്കളും ഇന്ധനവുമായെത്തിയ ട്രക്കുകൾ ഈജിപ്ത് അതിർത്തിയിൽ നിർത്തിയിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല