സ്വന്തം ലേഖകൻ: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശില്‍ ബഹുദൂരം പിന്നിലാക്കി ബിജെപി വന്‍ മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കൈവിടുന്ന നിലയിലുമാണ്. തെലങ്കാനയിലെ കുതിപ്പ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. മധ്യപ്രദേശില്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കേവല ഭൂരിപക്ഷത്തിലേക്കെത്തിയിട്ടുണ്ട്.
230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ ബിജെപി ഇതിനോടകം 150 സീറ്റുകളില്‍ മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 69 സീറ്റുകളിലെ കോണ്‍ഗ്രസിന് ലീഡുള്ളൂ.
199 സീറ്റുകളിലേക്ക് മത്സരം നടന്ന രാജസ്ഥാനില്‍ ബിജെപി 100 സീറ്റിന് മുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 74 സീറ്റുകളിലും. ബിഎസ്പിയും ഭാരത് ആദിവാസി പാര്‍ട്ടിയും മൂന്നിടങ്ങളില്‍ വീതവും സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നു. എട്ടിടത്ത് സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
ഛത്തീസ്ഗഢില്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ബിജെപിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി കേവലഭൂരിപക്ഷം തികയ്ക്കാനായിട്ടില്ല. 46 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപിക്ക് തൊട്ടുപിന്നില്‍ 40 സീറ്റുമായി കോണ്‍ഗ്രസുമുണ്ട്.
തെലങ്കാനയില്‍ എക്സിറ്റ്പോള്‍ പ്രവചനം പോലെ ഒരു അട്ടിമറി ഉറപ്പിച്ച നിലയിലാണ് ഫലസൂചനകള്‍. 119 സീറ്റുകളുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ് 58 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിആര്‍എസിന് 33 സീറ്റുകളിലേ ലീഡുള്ളൂ. ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് സിപിഐയും.
ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദി ക്യാപ്റ്റനായി നയിച്ച തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയൊലുതുക്കുമ്പോള് കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു. ശിവരാജ് സിങ് ചൗഹാന് മാജിക്കും സ്ത്രീവോട്ടര്‍മാര്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്.
കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വന്ന പല അഭിപ്രായസര്‍വേകളും ബിജെപിക്ക് തിരിച്ചടി പ്രവചിച്ചിരുന്നിടത്താണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് ബിജെപി എത്തിയത്. രാജസ്ഥാനില്‍ ചരിത്രം ആവര്‍ത്തിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതിരുന്നിട്ടും ബിജെപി തിരിച്ചുവരവിന് പാതയൊരുക്കിയത് മോദി ഫാക്ടറായിരുന്നു. ജനക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളിലും ചരിത്രം തിരുത്താമെന്ന ഗഹലോത്തിന്റെ പദ്ധതികള്‍ പാളി. എങ്കിലും 2013 ലെ പോലെ വലിയ തകര്‍ച്ചയിലേക്ക് പോകെ പരിക്ക് കുറയ്ക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ഗഹലോത്ത്-പൈലറ്റ് പോര് ശമിച്ചതും ജനക്ഷേമ പദ്ധതികളും വാഗ്ദാനങ്ങളും തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല