1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2023

സ്വന്തം ലേഖകൻ: നത്ത മഞ്ഞുവീഴ്‌ചയിലും അതിശൈത്യത്തിലും യുകെ മുങ്ങുന്നു. യുകെയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും ഐസിനുമുള്ള പുതിയ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു. മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, നോർത്ത്, സെൻട്രൽ വെയിൽസ് എന്നിവയെ ഉൾക്കൊള്ളുന്നതാണ് പുതിയ മുന്നറിയിപ്പ്. റോഡ്, റെയിൽ, വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുംബ്രിയയിൽ പോലീസ് ഒരു ‘മേജർ ഇൻസിഡന്റ്’ പ്രഖ്യാപിച്ചു. അത്യാവശ്യത്തിന് മാത്രം ആളുകൾ യാത്രചെയ്യണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. ഗ്ലാസ്‌ഗോ എയർപോർട്ട് ശനിയാഴ്ച്ച അര്ധരാത്രിവരെ അടച്ചിരുന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും വളരെ വൈകിയാണ് പുറപ്പെടുന്നത്.

കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും മൂലം ശനിയാഴ്‌ച വൈകുന്നേരവും ധാരാളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ പാത അതോറിറ്റി അറിയിച്ചു, പ്രത്യേകിച്ച് M6-ൽ J38 നും J40 നും ഇടയിൽ. നൂറുകണക്കിന് കാറുകൾ ഉടമകൾ ഉപേക്ഷിച്ച നിലയിൽ റോഡുകളിൽ അനാഥമായി കിടക്കുന്നു. സൗത്ത് ലേക്‌സ് ഏരിയയിൽ, പ്രത്യേകിച്ച് ബൗനെസ്, ഗ്രിസെഡെൽ എന്നിവിടങ്ങളിൽ 200 ഓളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കുംബ്രിയ പോലീസ് പറഞ്ഞു.

ലണ്ടൻ, ഇംഗ്ലണ്ടിന്റെ കിഴക്ക്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച അർദ്ധരാത്രി മുതൽ രാവിലെ 0800 വരെ മഞ്ഞുവീഴ്ചയുടെ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തണുത്തുറഞ്ഞ പ്രതലങ്ങളിൽ പെയ്യുന്ന മഴയോ മഞ്ഞുവീഴ്ചയോ നേരത്തെ പെയ്തുറഞ്ഞ ഐസിൽ വഴുതി വീഴുന്നതിനും ആളുകൾക്ക് പരിക്കേൽക്കുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. യുകെയിൽ പുതിയതായി എത്തിയ മലയാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്.

അതുപോലെ വ്യാപകമായി റോഡ്, റെയിൽ, വ്യോമഗതാഗതങ്ങൾ തടസ്സപ്പെടും. അതുപോലെതന്നെ ചില ഗ്രാമീണ പ്രദേശങ്ങൾ ഒറ്റപ്പെടാനും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ട്. കുംബ്രിയയിൽ മഞ്ഞുവീഴ്ചയുടെ ആംബർ അലർട്ട് നൽകിയിട്ടുണ്ട്, ചില പ്രദേശങ്ങളിൽ 10 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും തുടർന്ന് രാത്രി മുഴുവൻ മഞ്ഞും മഴയും പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വടക്കൻ സ്കോട്ട്‌ലൻഡിൽ ഇന്നുരാത്രി താപനില -11C വരെ കുറയുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച്ച രാത്രിയിലെ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗ്ലാസ്ഗോ എയർപോർട്ടിൽ ശനിയാഴ്ച രാവിലെ എല്ലാ വിമാനങ്ങളും മണിക്കൂറുകളോളം നിലത്തിറക്കി. ശനിയാഴ്ച അർദ്ധരാത്രിയോടെ ഫ്ലൈറ്റുകൾ പുനരാരംഭിച്ചതായി ഗ്ലാസ്ഗോ എയർപോർട്ട് അറിയിച്ചു, എന്നാൽ തടസ്സം ഇനിയും പ്രതീക്ഷിക്കുന്നു, യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെട്ട് സർവീസുകൾ പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു.

ഏറ്റവും പുതിയ മെറ്റ് ഓഫീസ് മഞ്ഞ കാലാവസ്ഥ മുന്നറിയിപ്പ് ഞായറാഴ്ച അർധരാത്രിവരെ നിലനിൽക്കും. മെറ്റ് ഓഫിസിനു പുറമേ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച ആംബർ കോൾഡ് ഹെൽത്ത് അലേർട്ട് ഇംഗ്ലണ്ടിലെ അഞ്ച് പ്രദേശങ്ങളിൽ നിലവിലുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, യോർക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ ഡിസംബർ 5 വരെ ജാഗ്രതാ നിർദേശമുണ്ട്.

അതിനിടെ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മ്യൂണിക്ക് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. ഞായറാഴ്ച രാവിലെ 6 മണി വരെയാണ് നിലവിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്. ഇന്ന് വിമാനത്താവള വക്താവാണ് ഇക്കാര്യം അറിയിച്ചത്. 760 വിമാന സർവീസുകളെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിച്ചത് ബാധിച്ചു.

ഇതിനു പുറമെ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശനിയാഴ്ച മെമ്മിംഗനിലെ അല്‍ഗൗ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിർദേശമുണ്ട്.

ശൈത്യകാല കാലാവസ്ഥ കാരണം, ഹാനോവര്‍, ബ്രെമെന്‍ വിമാനത്താവളങ്ങളിലും തടസ്സങ്ങളുണ്ട്. ഹാനോവര്‍, ബ്രെമെന്‍ വിമാനത്താവളത്തില്‍ നിന്നും മ്യൂണിക്കിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.