സ്വന്തം ലേഖകൻ: നെല്ലൂര്‍, ആന്ധ്രാപ്രദേശ്: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ അതീവജാഗ്രതയില്‍ ആന്ധ്രാപ്രദേശ്. നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്.
മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കനത്ത മഴ ചെന്നൈയടക്കമുള്ള തമിഴ്നാടൻ പ്രദേശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ ദുരിതത്തിലാക്കി. സാധാരണക്കാരും ചലച്ചിത്രതാരങ്ങളുമടക്കം വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് അതിരൂക്ഷമായി നേരിട്ടു. പ്രളയത്തിൽ വസതികളിൽ കുടുങ്ങിയ നടന്മാരായ വിഷ്ണു വിശാൽ, ആമിർ ഖാൻ എന്നിവരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ തന്റെ ദുരിതം വിവരിക്കുന്ന പോസ്റ്റ് വിഷ്ണു വിശാൽ എക്സിൽ പങ്കുവെച്ചിരുന്നു. ‘‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിനു മുകളിൽ ഒരു മൂലയിൽ മാത്രമാണ് ഫോണിന് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്.’’ എന്നാണ് വിഷ്ണു കുറിച്ചത്.
ഈ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞതോടെ തന്നെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തിയ കാര്യംകൂടി വിഷ്ണു വിശാൽ അറിയിച്ചു. ഇതിനൊപ്പം വിഷ്ണു പങ്കുവെച്ച ചിത്രങ്ങളിൽ ആമിർ ഖാനുമുണ്ടായിരുന്നു. ഇതോടെയാണ് ആമിറും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിലുണ്ടായിരുന്നെന്ന് പുറംലോകമറിഞ്ഞത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.
കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.
ആന്ധ്രയിലെ വിശാഖപട്ടണം, തിരുപ്പതി, രാജമുണ്‍ട്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. നിര്‍ത്തിവച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാനത്താവളങ്ങളിലെ 51 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നൂറോളം തീവണ്ടി സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ദുരിതാശ്വാസത്തിനായി എല്ലാ വകുപ്പുകളിലെയും എല്ലാ ഉദ്യോഗസ്ഥരോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 211 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. ഈ ക്യാമ്പുകളില്‍ 9500 പേരാണുള്ളത്.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ ചെന്നൈയില്‍ വിമാനത്താവളം തുറന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വൈകാതെ തന്നെ ഇവിടെനിന്ന് വിമാനസര്‍വീസുകള്‍ ആരംഭിക്കും.
വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങുകയും റണ്‍വേയിലും ടാക്‌സിവേയിലും വെള്ളക്കെട്ട് ഒഴിയുകയും ചെയ്തതോടെയാണ് വിമാനത്താവളം വീണ്ടും തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് യാത്രയൊരുക്കാനാണ് പ്രഥമപരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. 21 വിമാനങ്ങളും 1,5000 യാത്രക്കാരും നിലവില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നതും ഇവിടേക്ക് എത്തുന്നതുമായ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടപ്പോള്‍ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 550 സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് രാജ്യത്താകമാനം 1,000 സര്‍വീസുകളെ ബാധിച്ചുവെന്നും അവര്‍ അവര്‍ വ്യക്തമാക്കി.
പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല