സ്വന്തം ലേഖകൻ: യുകെയില്‍ പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ കര്‍ക്കശമായ പ്രായപരിശോധനകള്‍ഏര്‍പ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് വാച്ച്‌ഡോഗായ ഓഫ്‌കോം . ഇത് പ്രകാരം പോണ്‍ സൈറ്റ് ഉപയോഗിക്കുന്നവര്‍ തങ്ങള്‍ക്ക് 18 വയസ്സായെന്ന് തെളിയിക്കുന്നതിനായി തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്താല്‍ മാത്രമേ ഇത്തരം സൈറ്റുകള്‍ തുറക്കപ്പെടുകയുള്ളൂ.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നീലച്ചിത്രങ്ങള്‍ കാണുന്നതിന് തടയിടുന്നതിനായി നിരവധി മാനദണ്ഡങ്ങളാണ് ഓഫ്‌കോം നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് പോണോഗ്രാഫി ആദ്യമായി കാണുന്ന കുട്ടികളുടെ പ്രായം ശരാശരി 13 വയസ്സാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പോണ്‍ യൂസര്‍മാരുടെ പ്രായമുറപ്പിക്കുന്നതിനായി നിര്‍ദേശിച്ചിരിക്കുന്ന പുതിയ പരിശോധനകള്‍ക്കായി യൂസര്‍മാര്‍ നല്‍കുന്ന ഡാറ്റകള്‍ ചോര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പുമായി പ്രൈവസി കാംപയിനര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. യുകെയിലെ ജനങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ ഓണ്‍ലൈനിലൂടെ പോണോഗ്രാഫി കാണുന്നവരാണ്.
അതായത് ഏതാണ്ട് 14 മില്യണ്‍ പേര്‍ ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ നീലച്ചിത്രങ്ങള്‍ കാണുന്നവരാണെന്നാണ് ഓഫ്‌കോം പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.ഇവരില്‍ അഞ്ചിലൊന്ന് പേര്‍ ഓഫീസ് സമയത്ത് പോലും പോണ്‍ ചിത്രങ്ങള്‍ കാണുന്നവരാണെന്ന ഞെട്ടിപ്പിക്കുന്ന കാര്യവും പുറത്തു വന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ പോണോഗ്രാഫി ആക്‌സസ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ചെറിയ കുട്ടികള്‍ പോലും ഓണ്‍ലൈനില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് കൂടി വരുന്നുവെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. കുട്ടികളില്‍ പത്തിലൊന്ന് പേരും ഒമ്പതാം വയസ്സില്‍ തന്നെ പോണോഗ്രാഫി കാണുന്നുവെന്നാണ് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ നടത്തിയ ഒരു സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികള്‍ ഇത്തരം അപകടകരമായ കണ്ടന്റുകള്‍ ഓണ്‍ലൈനില്‍ ആക്‌സസ് ചെയ്യുന്ന സാഹചര്യമൊഴിവാക്കാനുളള ഉത്തരവാദിത്വം സെര്‍ച്ച് എന്‍ജിനുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉണ്ടെന്നാണ് അടുത്തിടെ നിയമമായ ദി ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് നിഷ്‌കര്‍ഷിക്കുന്നത്.
ഇക്കാര്യത്തില്‍ പാളിച്ചകള്‍ വരുത്തുന്നവര്‍ക്ക് മേല്‍ കടുത്ത പിഴകള്‍ ചുമത്താന്‍ പ്രസ്തുത നിയമം നടപ്പിലാക്കുന്ന ഓഫ്‌കോമിന് അധികാരമുണ്ട്. നിയമം 2025 മുതല്‍ നടപ്പിലാകുമ്പോള്‍ അത് ഏത് വിധത്തിലാണ് കമ്പനികള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥമായിരിക്കും എന്ന കാര്യം ഓഫ്‌കോം വിശദീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായപരിശോധന കര്‍ക്കശമായ നടപ്പിലാക്കുന്നതിനുള്ള ബാധ്യത സെര്‍ച്ച് എന്‍ജിനുകള്‍ക്കും സോഷ്യല്‍ മീഡിയക്കും, മറ്റ് വെബ്‌സൈറ്റുകള്‍ക്കുമുണ്ടെന്ന് ഓഫ്‌കോം നിഷ്‌കര്‍ഷിക്കുന്നു.
അതായത് നീലച്ചിത്ര സൈറ്റുകളുപയോഗിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയല്ലെന്നുറപ്പ് വരുത്താനായി ഇവ കര്‍ക്കശവും കൃത്യവുമായ മാനദണ്ഡങ്ങൾ ഏര്‍പ്പെടുത്തേണ്ടി വരും. ഇതിനായി യൂസറുടെ മുഖം സ്‌കാന്‍ ചെയ്തതിന് ശേഷം മാത്രം ഇത്തരം സൈറ്റുകള്‍ തുറക്കപ്പെടുന്ന സംവിധാനമേര്‍പ്പെടുത്തേണ്ടി വരും.
കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച പാസ്‌പോര്‍ട്ട് പോലുള്ള ഐഡികള്‍ പ്രായപരിശോധനക്കായി ഉപയോഗിക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയും യൂസര്‍മാരുടെ വയസ്സിനുള്ള തെളിവുകള്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഐഡി വാലറ്റുകള്‍ ഇത്തരം സൈറ്റുകളില്‍ ഷെയര്‍ ചെയ്തും യൂസര്‍മാര്‍ക്ക് തങ്ങളുടെ പ്രായം തെളിയിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല