സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയിൽ കൂടെ കൂട്ടാനാകില്ല. വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തുകയും ചെയ്തു.
ഫാമിലി വീസ ലഭിക്കാനും മിനിമം 38,700 പൗണ്ട് ശമ്പളം വേണം. ഹോം സെക്രട്ടറി ജെയിംസ് ക്ലെവേർലി ഇന്നലെ വൈകിട്ട് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഇന്ത്യക്കാരെ പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള കെയർ വർക്കർമാരെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രഖ്യാപനമുള്ളത്.
ഷോർട്ടേജ് ഓക്കിപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവും ഇനിമുതൽ ഇല്ലാതാകും. പോയിന്റ് ബെസ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തിൽ സ്കിൽഡ് വീസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് അമ്പത് ശതമാനത്തോളം വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്. എന്നാൽ എൻ.എച്ച്.എസ് റിക്രൂട്ട്മെന്റുകളെ ഈ വർധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. എൻഎച്ച്എസിലെ നഴ്സിങ് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫ് ഷോർട്ടേജ് പരിഗണിച്ചാണ് ഈ ഇളവ്.
നഴ്സിങ് ഹോമുകളിൽ കെയർ വർക്കർമാരായി എത്തുന്നവർക്ക് ഏപ്രിൽ മുതൽ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല. കെയറർ വീസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷം മാത്രം 2023 ജൂൺ വരെ ബ്രിട്ടനിൽ 75,717 ആശ്രിത വീസകളാണ് അനുവദിച്ചത്. കഴിഞ്ഞവർഷം അനുവദിച്ചതിന്റെ ഇരട്ടിയിൽ അധികമാണ് ഈ സംഖ്യ. ആശ്രിത വീസകൾക്ക് അപേക്ഷിക്കാൻ വേണ്ട മിനിമം ശമ്പളം നിലവിൽ കേവലം 18,600 പൗണ്ടായിരുന്നു. ഇതും ഏപ്രിൽ മുതൽ 38,700 ആയി ഉയരും.
കഴിഞ്ഞ വർഷങ്ങളിൽ കുടിയേറ്റത്തിൽ ഉണ്ടായ കനത്ത വർധനയാണ് അതിശക്തമായ ഇത്തരം തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിച്ചത്. 2022ലെ നെറ്റ് മൈഗ്രേഷൻ എല്ലാ റെക്കോർഡുകളും ഭേദിച്ച് 7,45,000 കടന്നിരുന്നു. 2023 ജൂൺവരെയുള്ള കണക്കും 6,72,000 എന്ന പുതിയ റെക്കോർഡിലേക്കാണ്. ഇതെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പു വർഷത്തിനു മുമ്പ് ടോറി സർക്കാരിന്റെ ശക്തമായ നടപടി. പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഒരുവർഷം കൊണ്ട് കുടിയേറ്റത്തിൽ 3,00,000 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2022ൽ ഇന്ത്യയിൽനിന്നാണ് ഏറ്റവും അധികം ആളുകൾ ബ്രിട്ടനിലേക്ക് കുടിയേറിയത്, (253,000). നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്, (141,000). ചൈന (89,000), പാക്കിസ്ഥാൻ (55,000), യുക്രെയ്ൻ (35,000) എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ പട്ടികയിലെ മറ്റുള്ളവർ. 2023 സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തെ കണക്കു നോക്കിയാൽ സ്റ്റുഡന്റ് വീസയിലും സർവകാല റെക്കോർഡാണ്. 4,86,107 സ്റ്റുഡന്റ് വീസകളാണ് ഇക്കാലയളവിൽ അനുവദിച്ചത്. ഇതിൽ പകുതിയിൽ അധികവും ഇന്ത്യൻ, ചൈനീസ് വിദ്യാർഥികളാണ്. നൈജീരിയ പാക്കിസ്ഥാൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇതിനു പിന്നിൽ.
സ്റ്റുഡന്റ് വീസയിൽ ഉള്ളവർക്ക് ആശ്രിത വീസയും പോസ്റ്റ് സ്റ്റഡി വർക്ക് വീസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തെ തന്നെ സർക്കാർ കർക്കശമാക്കിയിരുന്നു. 2024 ജനുവരി മുതൽ ഗവേഷണ സ്വഭാവമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് മാത്രമേ ആശ്രിത വീസയും പിഎസ്ഡബ്ല്യുവും അനുവദിക്കൂ. ഈ നിയമം പ്രഖ്യാപിച്ചതു മുതൽ ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ് വീസയുടെ തള്ളൽ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇനി ഏപ്രിൽ മുതൽ കെയർ വർക്കർമാരുടെ ആശ്രിത വീസയ്ക്കും വിലക്ക് ഉണ്ടാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല