1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2023

സ്വന്തം ലേഖകൻ: വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന വിഷിങ്, ഫിഷിങ് സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ വിവിധ ബാങ്കുകൾ ഇടപാടുകാർക്ക് മുന്നറിയിപ്പു നൽകി. ഒറ്റനോട്ടത്തിൽ യഥാർഥമാണെന്ന് തോന്നിയേക്കാവുന്ന ഇവ വിവിധ സ്ഥാപനങ്ങളെയോ അധികാരികളെയോ അക്കൗണ്ട് ഉടമകളെയോ ആൾമാറാട്ടം നടത്തിയാണ് ശബ്ദ, ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ച് വഞ്ചിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഫോൺ വിളിച്ചോ ശബ്ദ സന്ദേശങ്ങൾ അയച്ചോ അടിയന്തരമായി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന രീതിയാണ് വിഷിങ്. ഇമെയിൽ അയച്ചോ വെബ്സൈറ്റ് ലിങ്ക് വഴിയോ നടത്തുന്ന തട്ടിപ്പാണ് ഫിഷിങ്. ഇങ്ങനെ അയയ്ക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്നു.

അടിയന്തരമായി രേഖകൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും പ്രവർത്തന രഹിതമാകുമെന്നാണ് ഭീഷണി. പണം അടച്ചതിലോ അക്കൗണ്ടിന്റെ വിശദാംശങ്ങളിലോ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നവരുമുണ്ട്. സമ്മാനം വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ്. ഇ മെയിലിന് ഒപ്പമുള്ള ലിങ്കിൽ പ്രവേശിച്ച് വിവരം നൽകാൻ ആവശ്യപ്പെടും. ‌ഇങ്ങനെ പ്രവേശിക്കുന്നവരുടെ ലോഗിൻ ഐഡിയും പാസ് വേർഡും കൈക്കലാക്കുന്ന സംഘം അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടാനിടയുണ്ടെന്നും ഓർമിപ്പിക്കുന്നു. വൈറസുകളോ ലിങ്കുകളോ അറ്റാച്ച് ചെയ്ത് സ്പാം മെയിൽ അയച്ചും തട്ടിപ്പ് നടത്തിവരുന്നു.

സംശയാസ്പദമായി ഫോൺ വന്നാൽ പ്രതികരിക്കരുത്. ഇ മെയിലോ ശബ്ദസന്ദേശങ്ങളോ ലഭിച്ചാലും അവ തുറക്കുന്നതിനു മുൻപ് ബന്ധപ്പെട്ട ബാങ്കിൽ വിളിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തണം. ബാങ്ക് പ്രതിനിധികൾ ഒരിക്കലും അക്കൗണ്ട് നമ്പറോ പാസ് വേഡോ പിൻ നമ്പറോ വ്യക്തിഗത വിവരങ്ങളോ ഇമെയിൽ വഴി ചോദിക്കില്ലെന്നും ഓർമിപ്പിച്ചു.

ഔദ്യോഗിക ഇ മെയിലിനു സമാനമായി തെറ്റിദ്ധരിപ്പിക്കും വിധമായിരിക്കും വ്യാജ മെയിലുകൾ വരിക. അതുകൊണ്ടുതന്നെ അത്തരം മെയിലുകൾ തുറക്കരുതെന്നും നിർദേശിച്ചു. തട്ടിപ്പിനിരയായാൽ ഉടൻ പൊലീസിലും അതാതു ബാങ്കിലും പരാതിപ്പെടണമെന്നു അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.