
സ്വന്തം ലേഖകൻ: യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്.
ആത്മഹത്യാപ്രേരണാ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, ഫോണിലെ വിവരങ്ങളെല്ലാം ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. ഈ ഫോൺ പോലീസ് സൈബർ സെല്ലിന് കൈമാറും. ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് റുവൈസിനെ കസ്റ്റഡിയിലെടുക്കുന്നത്.
വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷഹനയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസ് തന്നെയാണ് ഇങ്ങോട്ടുവന്നതെന്ന് കുടുംബം വ്യക്തമാക്കി. ഇരുവര്‍ക്കും ഇഷ്ടമുള്ളതിനാല്‍ കുടുംബവും സമ്മതിച്ചു.
എന്നാല്‍, 150 പവനും ബി.എം.ഡബ്യൂ കാറും ഉള്‍പ്പെടെ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇത് നല്കാന് കഴിയാതിരുന്നതോടെ ഷഹനയുമായുള്ള ബന്ധത്തില്‍നിന്ന് ഇയാള്‍ പിന്മാറി. ആവശ്യപ്പെട്ട സ്ത്രീധനം നല്കാത്തതിനാല് ബാപ്പ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാള്‍ ഷഹനയോട് പറഞ്ഞതെന്നും
ഇതോടെ ഷഹന കടുത്ത മാനസികവിഷമത്തിലായെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍നിന്നാണ് ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി തന്നെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധനനിയമം ഉള്‍പ്പെടെ ചുമത്തി ഇയാള്‍ക്കെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരുന്നു.
ഷഹാനയുടെ മരണത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി മുന്‍കൂര്‍ജാമ്യത്തിനായി നീക്കം നടത്തുന്നുവെന്ന് മനസിലായതോടെയാണ് പോലീസ് ഇയാളെ അതിവേഗം കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല