1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2023

സ്വന്തം ലേഖകൻ: ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസയ്ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. അംഗ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലയങ്ങള്‍ ഏകീകൃത വീസ സംബന്ധിച്ച നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രീം കൗണ്‍സിലിന്റെ പ്രഖ്യാപനമുള്ളത്.

രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും ഏകീകരണവും വർധിപ്പിക്കുന്നതിൽ ഇത് ഫലപ്രദമായ സ്വാധീനം ചെലുത്തും. ജിസിസി രാജ്യങ്ങൾക്കിടയിൽ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ടൂറിസ്റ്റ് വീസ സഹായിക്കും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിനും നവോത്ഥാനത്തിനും ഇത് അനുയോജ്യമായ തീരുമാനമാണ്.

രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധവും സംയോജനവും വർധിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. വിനോദസഞ്ചാരികള്‍ക്കും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സഞ്ചാരം സുഗമമാക്കാന്‍ ഇത് സഹായിക്കും. ഓരോ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നും ചരിത്രപരമായ നടപടിയാണ് വീസയുടെ അംഗീകാരമെന്നും മന്ത്രി അല്‍ ഖത്തീബ് പറഞ്ഞു.

വീസ പ്രാബല്യത്തിലാകുന്നതോടെ ഗൾഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാൻ പ്രത്യേകം വീസ ആവശ്യമുണ്ടാകില്ല. ഒറ്റ വീസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം. അടുത്തവർഷം മുതൽ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി വീസ എല്ലാ രാജ്യങ്ങളിലേയും സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസ പ്രാബല്യത്തിൽ കൊണ്ടുവരാൻ അടുത്തിടെ മസ്‌കത്തില്‍ ചേര്‍ന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗമായിരുന്നു തീരുമാനമെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.