സ്വന്തം ലേഖകൻ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിര്‍ത്തിയത്.
2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയത്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തല്‍സ്ഥിതി നിലനിര്‍ത്തുന്നതിന് കാരണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറിലും കുറഞ്ഞിരുന്നു. ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലെത്തിയിരുന്നു. ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ രണ്ടുമുതല്‍ ആറുവരെ ശതമാനം എന്ന കംഫര്‍ട്ട് ലെവലാണെങ്കിലും നാല്ശതമാനത്തിന് മുകളിലാണ്.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.6 ശതമാനം വളര്‍ച്ച നേടി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനമാണ്.
അതേ സമയം, മോണിറ്ററി പോളിസി കമ്മിറ്റി ചില പ്രത്യേക ഇടപടുകള്‍ക്കുള്ള യുപിഐ പേയ്മെന്റ് പരിധി ഉയര്‍ത്തി. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള യുപിഐ പേയ്മെന്റ് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായിട്ടാണ് ആര്‍ബിഐ ഉയര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല