സ്വന്തം ലേഖകൻ: ഹമാസിനൊപ്പം ചേര്‍ന്ന് പുതിയ യുദ്ധമുഖം തുറന്നാല്‍ തെക്കന്‍ ലെബനനും ബെയ്‌റൂട്ടും തകര്‍ക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ ബെയ്‌റൂട്ടിനേയും തെക്കന്‍ ലെബനനേയും ഗാസയും ഖാന്‍യൂനിസുമാക്കിമാറ്റും എന്നാണ് നെതന്യാഹുവിന്റെ ഭീഷണി.
ഹിസ്ബുള്ളയുമായി വെടിവെപ്പു തുടരുന്ന ലെബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡന്റ് ആസ്ഥാനം സന്ദര്‍ശിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസയുടെ തെക്കുഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേല്‍ സേന ഖാന്‍യൂനിസിലേക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഗാസയിലെ ബന്ദികളെകുറിച്ചും വെസ്റ്റ് ബാങ്കിലെ പാലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളെകുറിച്ചും നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാല്‍ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭീഷണി വൈറ്റ് ഹൗസ് പരാമര്‍ശിച്ചില്ല.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുമുതല്‍ ഇസ്രയേലിനെതിരേ തങ്ങളും യുദ്ധത്തിനിറങ്ങുമെന്ന് ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ള നിലപാടെടുത്തിരുന്നു. നേരിട്ട് യുദ്ധത്തിനിറങ്ങാതെ ലെബനീസ് അതിര്‍ത്തിയില്‍നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ആക്രമണവും നടത്തുന്നുണ്ട്. ഏതാനും ഇസ്രയേല്‍ സൈനികര്‍ ഹിസ്ബുള്ളയുടെ ആദ്യത്തെ ആക്രമണത്തില്‍ മരിച്ചു. പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുള്ളയ്ക്കും വലിയ ആള്‍നഷ്ടമുണ്ടായി. ഇസ്രയേല്‍ ആക്രമിച്ച ദിവസം ഹമാസ് നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്ന് ഹിസ്ബുള്ള പറയുന്നു.
ലെബനീസ് അതിര്‍ത്തിയില്‍നിന്ന് ഇസ്രയേലിനുനേരെ ഹിസ്ബുള്ള നടത്തുന്ന ആക്രമണം ഇതുവരെയുള്ളതുപോലെ പരിമിതതോതിലായിരിക്കില്ലെന്ന് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള നേരത്തെ മുന്നറിയിപ്പുനല്‍കിയിരുന്നു. ഹമാസിന്റെ ആക്രമണം ശരിയും നീതിയുക്തവുമാണെന്നും പറഞ്ഞ അദ്ദേഹം യുദ്ധത്തിന് കാരണം യുഎസ്. ആണെന്നും ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല