സ്വന്തം ലേഖകൻ: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്എ. ഹമാസിനെ തുടച്ചു നീക്കാന്‍ ഇസ്രയേലി സേന അക്ഷീണ പരിശ്രമം തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം.
ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടിറെസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ മുറവിളി ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടല്‍.
ആഴ്ചകളായി നീണ്ടു നില്ക്കുന്ന പോരാട്ടങ്ങളുടെ ഫലമായി ഗാസയില്‍ 17,487 ആളുകള്‍ കൊല്ലപ്പെട്ടതോടെ അന്റോണിയോ ഗുട്ടിറെസ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തിര യോഗം വിളിച്ചിരുന്നു.
അമേരിക്കയുടെ നടപടിയില്‍ യുഎഇ വളരെയധികം വ്യസനിക്കുന്നതായി വെടിനിര്‍ത്തലിനുള്ള പ്രമേയം സ്പോൺസർ ചെയ്ത യുഎഇയുടെ പ്രതിനിധി വ്യക്തമാക്കി. സെക്യൂരിറ്റി കൗണ്‍സിലിന് മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനാകില്ലെന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ ആവശ്യത്തെ വീറ്റോ ചെയ്ത യുഎസ്എ പ്രമേയത്തിന്റെ സ്പോണ്‍സര്‍മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. നിരുപാധികമായ വെടിനിര്‍ത്തല്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നാണ് യുഎസ്എയുടെ വാദം.
സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗമായ യുഎസ്എയ്ക്ക് ഏത് പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്, എന്നാല്‍ മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന് ഈ വിഷയത്തിൽ വോട്ടു ചെയ്യാതെ വിട്ടു നില്‍ക്കുകയാണ് ചെയ്തത്.
ഹമാസ് ചെയ്യുന്ന ക്രൂരതകള്‍ക്ക് പലസ്തീനി ജനത ഒന്നടങ്കം ശിക്ഷ ഏറ്റുവാങ്ങുന്നത് നീതികരിക്കാവുന്നതല്ലെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് പറഞ്ഞത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 12,00ല്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കി പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഇപ്പോഴും 138 ബന്ദികള്‍ ഹമാസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 80 ശതമാനവും ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഭക്ഷണം, ഇന്ധനം, ശുദ്ധജലം,മരുന്നുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം നേരിടുന്ന ഇവരുടെ മേല്‍ രോഗബാധയുടെ ഭീഷണിയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല