1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2023

സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ ഫലവത്തായാല്‍ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകള്‍ ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമാനിലേക്ക് ഇന്ത്യയില്‍ നിന്ന് ധാതു ഇന്ധനങ്ങള്‍, അജൈവ രാസവസ്തുക്കള്‍, വിലയേറിയ ലോഹങ്ങള്‍, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ സംയുക്തങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ, വളങ്ങള്‍, പ്ലാസ്റ്റിക് എന്നിവയാണ് പ്രധാന കയറ്റുമതി.

ചര്‍ച്ചകള്‍ അതിവേഗം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇയുമായുള്ള കരാറിന് സമാനമായ രീതിയിലാകാമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസത്തിനിടെ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 200 കോടി ഡോളറും ഇറക്കുമതി 201 കോടി ഡോളറുമാണ്.

പെട്രോളിയം ഉല്‍പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, എന്‍ജിനീയറിങ് ഉല്‍പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സിമന്റ്, സെറാമിക് ഉല്‍പന്നങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ ഒമാനുമായി കൂടുതല്‍ വ്യാപാരത്തിന് സാധ്യതയുള്ള ചരക്കുകളായി ഇന്ത്യ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സമഗ്രമായ സാമ്പത്തിക കരാറായിരിക്കും നിലവില്‍ വരികയെന്ന് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

യുഎഇയുമായുള്ള വ്യാപാര ഉടമ്പടിയിലെ വ്യവസ്ഥയ്ക്ക് സമാനമായി ഇന്ത്യന്‍ ഫാര്‍മ ഉല്‍പന്നങ്ങള്‍ക്കുള്ള അംഗീകാരം വേഗത്തില്‍ നേടിയെടുക്കാനും ഒമാനുമായുള്ള കകരാറില്‍ വ്യവസ്ഥയുണ്ടാവും. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ്എഫ്ഡിഎ), യുകെ ഡ്രഗ് റെഗുലേറ്റര്‍ എംഎച്ച്ആര്‍എയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ ഫാര്‍മ ഉത്പന്നങ്ങള്‍ക്കാണ് അംഗീകാരം വേഗത്തില്‍ ലഭ്യമാവുക.

ഒമാനും യുഎഇയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഇന്ത്യ ഒപ്പുവച്ചേക്കും. നികുതി ഇളവുകള്‍ക്കു പുറമേ ഉല്‍പന്നങ്ങളെ അടിസ്ഥാനമായുള്ള ചട്ടരൂപീകരണം, താരിഫ് ഇതര തടസ്സങ്ങള്‍ നീക്കല്‍ തുടങ്ങിയ കാര്യങ്ങളും വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധിച്ചുവരികയാണ്.

അതിനിടെ ഇന്ത്യ ഉള്ളി കയറ്റുമതി വീണ്ടും താല്‍ക്കാലികമായി നിരോധിച്ചത് ഒമാനില്‍ വിലവര്‍ധനയ്ക്ക് ഇടയാക്കിയേക്കും. അടുത്ത മാര്‍ച്ച് 31 വരെയാണ് നിരോധനം. രണ്ട് മാസം മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും 40 ശതമാനം കയറ്റുമതി നികുതി അടക്കുന്നവര്‍ക്ക് കയറ്റി അയക്കാമായിരുന്നു.

എന്നാല്‍ അടുത്ത നാല് മാസത്തേക്ക് പൂര്‍ണകയറ്റുമതി നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ മോശം കാലാവസ്ഥ കാരണം ഉള്ളിക്ക് നാശം സംഭവിച്ചതോടെ ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതിക്ക് താല്‍ക്കാലിക നിരോധനം കൊണ്ടുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.