സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ 1,72,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അടുത്ത വര്‍ഷം സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി വെളിപ്പെടുത്തി. റിയാദില്‍ ബജറ്റ് ഫോറത്തോടനുബന്ധിച്ച് നടന്ന സെഷനില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട സൗദിവത്കരണത്തില്‍ ആറു സുപ്രധാന മേഖലകളാണ് ഉള്‍പ്പെടുക.
സ്വദേശിവത്കരണം ശക്തമാക്കിയതോടെ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 17 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സംഘടനകളുടെ എണ്ണം 30 ശതമാനം വര്‍ധിപ്പിച്ച് 5,000 ആയി ഉയര്‍ത്താനും സഹകരണ സൊസൈറ്റികളുടെ എണ്ണം 467 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
സൗദിവത്കരണത്തിലൂടെ ജോലി ലഭിച്ചവരില്‍ 3,61,000 പേര്‍ ആദ്യമായാണ് തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 17 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇത് 40 ശതമാനമായി ഉയര്‍ത്തുകയാണ് മന്ത്രാലയത്തിന്റെ പുതിയ ലക്ഷ്യം. 2030 ഓടെ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം 30 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്. നിശ്ചയിച്ച സമയത്തിനും എട്ടു വര്‍ഷം മുമ്പ് ഈ ലക്ഷ്യം കൈവരിച്ചു.
എന്‍ജിനീയറിങ് പ്രൊഫഷനുകളില്‍ സൗദികളുടെ എണ്ണം 40,000 ല്‍ നിന്ന് 70,000 ആയി ഉയര്‍ത്താന്‍ പ്രത്യേക സൗദിവത്കരണത്തിലൂടെ സാധിച്ചു. അക്കൗണ്ടിങ് പ്രൊഫഷനുകളില്‍ സ്വദേശികളുടെ എണ്ണം 42,000 ല്‍ നിന്ന് 1,03,000 ആയി ഉയര്‍ത്താനും ഒരു ലക്ഷത്തിലേറെ സ്വദേശി യുവതീയുവാക്കളെ ശാക്തീകരിക്കാനും ഇത് സഹായിച്ചതായി മന്ത്രി വിശദീകരിച്ചു.
പരിഷ്‌കരിച്ച സൗദിവത്കരണ നയത്തിലൂടെ 4.80 ലക്ഷം സൗദികള്‍ക്ക് ജോലി ലഭിച്ചെന്ന് അടുത്തിടെ റിയാദില്‍ നടന്ന അന്താരാഷ്ട്ര സോഷ്യല്‍ ഡയലോഗ് ഫോറത്തില്‍ മന്ത്രി അല്‍ രാജ്ഹി വ്യക്തമാക്കിയിരുന്നു. 12 മാസത്തിനിടെ 1,67,000 ലേറെ സ്വദേശികളാണ് ജോലിയില്‍ പ്രവേശിച്ചത്. സൗദിവത്കരണ നിയമങ്ങള്‍ 98 ശതമാനം സ്ഥാപനങ്ങളും പാലിച്ചു.
മറ്റു തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയ കമ്പനികള്‍ 92 ശതമാനമാണ്. നിത്വാഖാത്ത് വന്നതോടെ സൗദികളുടെ ശരാശരി ശമ്പളവും ഉയര്‍ന്നിരുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയുകയും സ്ത്രീകള്‍ കൂടുതലായി ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല