സ്വന്തം ലേഖകൻ: മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി യുകെയിലെ ആരോഗ്യ വിദഗ്ധർ. നൂറ് ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമയാണ് യുകെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ 250% ന്റെ വർധനയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും.
ഈ വർഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ് ഇത്. ബോർഡിടെല്ല പെർട്യൂസിസ് ബാക്ടീരിയയാണ് വില്ലൻ ചുമയ്ക്ക് പിന്നിലെ വില്ലൻ. കുട്ടികളുടെ ജീവന് ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന വില്ലൻ ചുമയ്ക്കെതിരെ, 1950 കളിൽ വാക്സിൻ വന്നതോടെ ഒരു പരിധി വരെ കുറഞ്ഞു.
കുഞ്ഞുങ്ങളെ മാത്രമല്ല, മുതിർന്നവരേയും വില്ലൻ ചുമ ബാധിക്കും. ഹെർണിയ, ചെവിയിൽ ഇൻഫെക്ഷൻ, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് വില്ലൻ ചുമ കാരണമാകാറുണ്ട്. കടുത്ത വില്ലൻ ചുമ ഛർദിക്കും, വാരിയല്ലുകൾ തകരുന്നതിനും വരെ കാരണമായേക്കാമെന്ന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് അറിയിച്ചു. വില്ലൻ ചുമയെ പ്രതിരോധിക്കാൻ സാധിക്കുമെന്നും കുട്ടികൾക്കായി വാക്സിനുണ്ടെന്നും എൻഎച്ച്എസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല