സ്വന്തം ലേഖകൻ: ഉറപ്പുള്ള വാക്കും ഉശിരുള്ള നിലപാടും കൊണ്ട് സി.പി.ഐയെ നയിച്ച കാനം രാജേന്ദ്രന് ഇനി ഓര്‍മ്മ. കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടില്‍ ഒരുക്കിയ ചിതയ്ക്ക് മകൻ സന്ദീപ് തീകൊളുത്തുമ്പോൾ ചുറ്റും തടിച്ചുകൂടിയ അണികൾ നിർത്താതെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. സംസ്കാരത്തിന് ശേഷം ചേർന്ന അനുശോചന യോഗത്തിൽ മുതിർന്ന നേതാക്കൾ കാനത്തെ അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും കാനത്തിന് അന്തിമോപചാരമർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്ത്യഞ്ജലിയേകാൻ ഒഴുകിയെത്തുന്നത്. ജനങ്ങളുടെ തിരക്ക് പരിഗണിച്ച് പോലീസും എ.ഐ.വൈ.എഫിന്റെ യൂത്ത് ഫോഴ്സും സ്ഥലത്ത് വേണ്ട ക്രമീകരണങ്ങളൊരുക്കുന്നുണ്ട്.
13 മണിക്കൂര്‍ നീണ്ട വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് കോട്ടയത്തെത്തിയത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെയാണ് യാത്ര മണിക്കൂറുകളോളം വൈകിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ ഇവിടേക്കും ഒഴുകിയെത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു ശേഷം രാവിലെ 7.30-ഓടെയാണ് കാനത്തെ വീട്ടിൽ പൊതുദർശനമാരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല