1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2023

സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് വീസാരഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്‍ഡൊനീഷ്യയും. ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയ്ക്ക് പിന്നാലെയാണ് ഇന്‍ഡൊനീഷ്യയും ഇന്ത്യക്കാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് ഇന്‍ഡൊനീഷ്യ വീസ രഹിത പ്രവേശനം അനുവദിക്കുക. ഒരു മാസത്തിനുള്ളില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇൻഡൊനീഷ്യൻ ടൂറിസം മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വീസ രഹിത പ്രവേശം ഇന്‍ഡോനേഷ്യ പരിഗണിക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും കൂടുതല്‍ വിദേശനാണ്യം നേടാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

ഇന്‍ഡൊനീഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രി സാന്‍ഡിയാഗാ ഉനോയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. നേരത്തെ വിദേശ സഞ്ചാരികള്‍ക്ക് രാജ്യത്ത് കൂടുതല്‍ ദിവസം താമസിക്കാന്‍ സാധിക്കുന്നത ഗോള്‍ഡന്‍ വീസയ്ക്കും ഇന്‍ഡൊനീഷ്യ അംഗീകാരം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിന് മുന്‍പ് 2019ല്‍ 1.6 കോടി വിദേശ വിനോദ സഞ്ചാരികള്‍ ഇന്‍ഡോനീഷ്യയില്‍ എത്തിയിരുന്നു. 2023 ജനുവരി-ഒക്ടോബറിലെത്തിയത് 94.9 ലക്ഷം സഞ്ചാരികളാണ്.

ലോകവിനോദസഞ്ചാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് ഇന്‍ഡൊനീഷ്യ. സഞ്ചാരികളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന ബാലി ദ്വീപാണ് ഇന്‍ഡൊനീഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ബാലിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.