1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2023

സ്വന്തം ലേഖകൻ: കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യംപരിഗണിച്ചാണ് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്. ഹൈബി ഈഡന്‍ എം.പി.യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടതായി അറിയിച്ചത്.

വിമാനടിക്കറ്റ് ചാര്‍ജിനത്തില്‍ വന്‍തുക നല്‍കിയാണ് ഇപ്പോള്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്. വിമാനടിക്കറ്റിന്റെ മൂന്നിലൊരുഭാഗംമാത്രമേ കപ്പലിന് വരുകയുള്ളൂ. വിമാനത്തില്‍ കൊണ്ടുവരുന്ന ലെഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.

കേരളസര്‍ക്കാരിന്റെ നിരന്തരസമ്മര്‍ദം ബേപ്പൂര്‍-കൊച്ചി-യുഎഇ യാത്രക്കപ്പല്‍ സര്‍വീസ് തുടങ്ങുന്നതുസംബന്ധിച്ച് കേന്ദ്രത്തില്‍ നടത്തിവരുമ്പോഴാണ് ഹൈബി ഈഡന്‍ എം.പി. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുടെ യോഗത്തിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.

കപ്പല്‍ സര്‍വീസിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനാവും.

കേരള-ഗള്‍ഫ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മലബാര്‍ ഡിവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ദുബായ് സന്ദര്‍ശിച്ചിരുന്നു.

കപ്പല്‍ കമ്പനികളുമായും പ്രവാസികളുമായും സംഘം കൂടിക്കാഴ്ചനടത്തി. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള മുന്‍കൈയെടുത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും മലബാര്‍ ഡിവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ചനടത്തി കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.