സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ വിജയത്തേരിലേറി ഹയാ പ്ലാറ്റ്ഫോം. ഫാൻ വീസകളിൽ നിന്ന് ടൂറിസ്റ്റ് വീസകളിലേക്കുള്ള നവീകരണത്തോടെ ഖത്തറിലേയ്ക്ക് ഔദ്യോഗിക പ്രവേശനത്തിനുള്ള ഏകജാലകമായി ഹയാ പോർട്ടൽ. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലാണ് ഹയാ കാർഡ് അഥവാ ഫാൻ ഐഡി നടപ്പാക്കിയത്.
ആരാധകർക്ക് ലോകകപ്പ് കാണാൻ രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശന വീസ കൂടിയായിരുന്നു ഇത്. ടൂർണമെന്റ് കഴിഞ്ഞതോടെ ഈ വർഷം ആദ്യമാണ് സന്ദർശകരെ കൂടി ലക്ഷ്യമിട്ട് ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തത്തോടെ ഹയാ പോർട്ടൽ നവീകരിച്ചത്. ഫാൻ വീസകളിൽ നിന്ന് ടൂറിസ്റ്റ് വീസകളിലേക്കുള്ള മാറ്റത്തോടെയാണ് ഹയാ പോർട്ടൽ വീണ്ടും ശ്രദ്ധേയമായത്. ലോകകപ്പിന്റെ സംഘാടക വിജയമാണ് ഹയാ സേവനങ്ങൾ തുടരാൻ വഴിത്തിരിവായതെന്ന് ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരി വ്യക്തമാക്കി.
നിലവിൽ ഖത്തർ സന്ദർശിക്കുന്നവർ വീസയ്ക്കായി ഹയ പോർട്ടൽ മുഖേന അപേക്ഷ നൽകണം. ഖത്തറിൽ നടക്കുന്ന വ്യത്യസ്ത ഇവന്റുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഹയാ പോർട്ടലിലൂടെ അനുയോജ്യമായ വീസ തിരഞ്ഞെടുക്കാം. എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ, ലോക അക്വാറ്റിക് ചാംപ്യൻഷിപ തുടങ്ങിയ കായിക ഇവന്റുകളിലുൾ ഉൾപ്പെടെയുള്ള പ്രവേശനത്തിന് ഹയാ പോർട്ടലിലൂടെ വീസ എടുക്കണം.
ഹയയിലൂടെയാണ് ഏഷ്യൻ കപ്പിലും പ്രവേശനം. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രതിനിധികൾക്ക് ഹയാ പോർട്ടൽ റജിസ്ട്രേഷനും വ്യവസ്ഥകളിലൊന്നാണ്. ടൂർണമെന്റ് സമയങ്ങളിൽ രാജ്യത്തെ ലഭ്യമായ പൊതുഗതാഗത സൗകര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങളും പോർട്ടലിൽ ലഭ്യമാകുമെന്ന് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖുവാരി വിശദമാക്കി.
പൗരത്വം, റസിഡൻസി, മറ്റ് രാജ്യാന്തര വീസകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹയാ വീസകൾ. എ1, എ2, എ3 എന്നിങ്ങനെ 3 പുതിയ വിഭാഗങ്ങളിലാണ് വീസ ലഭിക്കുക. ഓൺ അറൈവൽ വീസ, വീസ രഹിത പ്രവേശനം എന്നിവയ്ക്ക് യോഗ്യരല്ലാത്ത രാജ്യക്കാർക്കുള്ളതാണ് എ-1 വിഭാഗം.
എല്ലാ പ്രൊഫഷണലുകളിലുമുള്ള ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കാണ് എ2 വിഭാഗം. ഷെങ്ങ്കൻ, യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്കാണ് എ3 വിഭാഗം. എ3 വിഭാഗക്കാർ ഖത്തറിൽ 30 ദിവസത്തിൽ താഴെയാണ് താമസിക്കുന്നതെങ്കിൽ ഹെൽത്ത് ഇൻഷുറൻസും ആവശ്യമില്ല.
മറ്റുള്ള വിഭാഗക്കാർക്ക് ഖത്തറിൽ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഹെൽത്ത് ഇൻഷുറൻസ് ആവശ്യമാണ്. രാജ്യത്ത് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ആവശ്യമായ പിന്തുണയും സേവനങ്ങളും വിവരങ്ങളും നൽകുന്ന സമഗ്ര പോർട്ടൽ ആണ് ഹയ. നിശ്ചിത വ്യവസ്ഥകളോടെ രാജ്യത്തെ എല്ലാ ഇവന്റുകളിലേക്കുള്ള വീസകളും ഹയ വഴിയാണ്. മുഴുവൻ ഇവന്റുകളുടെയും വിശദമായ ഷെഡ്യൂളുകൾ ഉൾപ്പെടെയുള്ള സമഗ്രമായ വിവരങ്ങളാണ് ഹയാ പോർട്ടലിലുള്ളത്.
ഹയാ വീസയിൽ എത്തുന്നവർക്ക് ഹമദ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ക്യൂ നിൽക്കാതെ ഇ-ഗേറ്റ് വഴി പ്രവേശിക്കാം. കര അതിർത്തിയായ അബു സമ്രയിലൂടെ എത്തുന്നവർ ഹയാ പോർട്ടലിലെ പ്രീ-റജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്തി പ്രവേശന നടപടികൾ എളുപ്പമാക്കാം.
ജിസിസി പൗരന്മാർക്ക് ഒപ്പമുള്ളവർക്കുള്ള പ്രവേശന വീസയും ഹയയിലൂടെ എടുക്കാം. ഹയാ പോർട്ടലിൽ വീസയ്ക്കായി അപേക്ഷ നൽകിയാൽ 48 മണിക്കൂറിനകം മറുപടി ലഭിക്കും. ഹയ വീസകളിൽ ജോലി ചെയ്യാനാകില്ല. തൊഴിൽ വീസയാക്കി മാറ്റാനും കഴിയില്ല. ഹയാ മൊബൈൽ ആപ്പും സജീവമാണ്. നിലവിൽ 38 ലക്ഷമാണ് ഉപയോക്താക്കൾ. ഹയാ പോർട്ടൽ ലിങ്ക്: https://www.hayya.qa/
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല