സ്വന്തം ലേഖകൻ: സുതാര്യമായ യൂണിഫോമിനടിയില്‍ ധരിക്കേണ്ട അടിവസ്ത്രം ഏതെന്ന് നിര്‍ദ്ദേശിച്ച ബ്രിട്ടീഷ് എയര്‍വെയ്സ് അധികൃതര്‍ ഇപ്പോള്‍ ക്യാബിന് ജീവനക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ്. അധികൃതരുടെ ഈ നടപടി യാത്രക്കാരില്‍ നിന്നും ദ്വയാര്‍ത്ഥ പ്രയോഗമുള്ള കമന്റുകള്‍ക്ക് വഴി തെളിച്ചതിനെ തുടര്‍ന്നാണ്. പുതിയ യൂണിഫോമിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം സീത്രൂ ബ്ലൗസുകള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് എയര്‍വെയ്സ് അവരുടെ യൂണിഫോം നയത്തില്‍ അയവു വരുത്തിയിരുന്നു. ജെന്‍ഡര്‍ ന്യുട്രല്‍ പോളിസി പിന്തുടര്ന്നതിനെ തുടര്‍ന്ന് പൈലറ്റ് ഉള്‍പ്പടെയുള്ള പുരുഷ ജീവനക്കാര്‍ക്കും മേക്ക് അപ് ഇടാനും ഹാന്‍ഡ് ബാഗുകള്‍ കൂടെ കൊണ്ടുപോകാനുമുള്ള അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം പ്രഖ്യാപിച്ച പുതിയ യൂണിഫോം തീര്‍ത്തും ലിംഗാടിസ്ഥാനത്തില്‍ ഉള്ളതാണ്.
വ്യോമയാന രംഗത്തെ പുതുയുഗം എന്ന് വിശേഷിപ്പിച്ചായിരുന്നു ബ്രിട്ടീഷ് എയര്‍വെയ്സ് പുതിയ യൂണിഫോം നയം പ്രഖ്യാപിച്ചതെങ്കിലും അത് ഇപ്പോള്‍ വനിതാ ജീവനക്കാര്‍ക്ക് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, തുറിച്ചു നോട്ടവും എല്ലാം പലപ്പോഴും അതിരു കടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. യൂണിഫോമിന്റെ ഭാഗമായ ബ്ലൗസിനുള്ളിലൂടെ കാണാവുന്ന അടിവസ്ത്രങ്ങള്‍ പലരുടെയും കമന്റുകള്‍ക്ക് വിഷയമാകുന്നു എന്നാണ് ചില ജീവനക്കാര്‍ പരാതിപ്പെടുന്നത്.
ഇതിനെ തുടര്‍ന്ന് വനിത ജീവനക്കാര്‍ വാക്ക് ഔട്ട് നടത്തുമെന്ന സ്ഥിതി വന്നതോടെയാണ് ഇപ്പോള്‍ അധികൃതര്‍ നയം മാറ്റവും ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അവര്‍ ധരിച്ചിരിക്കുന്ന അടിവസ്ത്രങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ചോദിച്ച് വനിതാ ജീവനക്കാരെ അവഹേളിക്കുന്നത് പതിവാണെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല