1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2023

സ്വന്തം ലേഖകൻ: റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിക്ക് സമീപമുള്ള കഗുഗുവിലെ ഹോപ് ഹോസ്റ്റലില്‍ തളം കെട്ടി നില്‍ക്കുന്നത് അത്ര സുഖമല്ലാത്ത ഒരു നിശബ്ദതയാണ്. ഇനിയും വരാത്ത അതിഥികള്‍ക്കായി മുറികള്‍ തയ്യാറായിക്കഴിഞ്ഞു. അവിടത്തെ പല മുറികളുടെയും ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍, അങ്ങു ദൂരെ പ്രസിഡണ്ടിന്റെ കൊട്ടാരം കാണാം. 1994-ല്‍ ഹുതു തീവ്രവാദികള്‍ ടുട്സി ന്യുനപക്ഷത്തെ കൊന്നൊടുക്കിയ 1994- ലെ വംശഹത്യയുടെ ഒര്‍മ്മകള്‍ ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

എട്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ആ കലാപ കാലത്ത് ഒരു അഭയാര്‍ത്ഥി ക്യാമ്പായിരുന്നു ഈ ഹോസ്റ്റല്‍. ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി അഭയാര്‍ത്ഥി ക്യാമ്പായി മാറുകയാണിവിടം. ബ്രിട്ടനില്‍ നിന്നും കയറ്റി അയയ്ക്കപ്പെടുന്ന അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഇവിടമാണ്. 50 ഡബിള്‍ റൂമുകള്‍ ഉള്ള ഇവിടെ 100 പേരെ പാര്‍പ്പിക്കാന്‍ കഴിയും. ഓരോ മുറിയിലും ഖുറാനും നിസ്‌കാര പായയും തയ്യാറാക്കി വെച്ചിട്ടുണ്ട്.

അവിടേയെത്തുന്നവരില്‍ ഭൂരിഭാഗവും മദ്ധ്യപൂര്‍വ്വ പ്രദേശത്തു നിന്നുള്ള ഇസ്ലാമത വിശ്വാസികള്‍ ആയിരിക്കും എന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിട്ടുണ്ടത്രെ. അതിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹോസ്റ്റല്‍ മാനേജര്‍ ഇസ്മയില്‍ ബാകിന പറഞ്ഞു. അതുപോലെ ഹോസ്റ്റലിന് പുറത്തും അകത്തുമുള്ള അറിയിപ്പ് ബോര്‍ഡുകള്‍ എല്ലാം തന്നെ ഇംഗ്ലീഷിലും അറബിയിലും തയ്യാറാക്കി കഴിഞ്ഞു. റെസ്റ്റോറന്റിലെ രണ്ട് അടുക്കളകള്‍ക്ക് മുന്നിലും ഹലാല്‍ ബോര്‍ഡും തൂങ്ങിക്കഴിഞ്ഞു.

ഒരു വര്‍ഷം മുന്‍പ് നടത്തിയതാണ് ഈ തയ്യാറെടുപ്പുകള്‍ ഒക്കെയും. ഇപ്പോഴും ആ ഹോസ്റ്റല്‍ ഒഴിഞ്ഞു കിടക്കുകയാണ്. നിയമക്കുരുക്കില്‍ പെട്ട റുവാണ്ടന്‍ പദ്ധതിക്ക് പുതുജീവന്‍ നല്‍കാന്‍ അടിയന്തിര നിയമനിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ പുരോഗമിക്കുമ്പോള്‍, കോടതി ഇടപെടലുകളില്ലാതെ ഇങ്ങോട്ട് വിമാനം പറത്താന്‍ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അഭയാര്‍ത്ഥികള്‍ക്ക് റുവാണ്ടയില്‍ തങ്ങുവാനോ അല്ലെങ്കില്‍ മെറ്റേതെങ്കിലും രാജ്യത്തേക്ക് മാറി താമസിക്കാനോ ഉള്ള അവസരം നല്‍കും.

ഈ പദ്ധതി റുവാണ്ടക്ക് വലിയൊരു അനുഗ്രഹമാണെന്നാണ് പത്രപ്രവര്‍ത്തകയായ പ്രൊവിഡന്‍സ് ഉവേസ് പറയുന്നത്. ഇതിനോടകം തന്നെ ഇതിന്റെ ആദ്യ തവണ യു കെ നല്‍കിക്കഴിഞ്ഞു. യു കെ യില്‍ നിന്നും പണം എത്തുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അവര്‍ ബി ബി സിയോട് പറഞ്ഞു. മാത്രമല്ല, ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കുക വഴി, സുരക്ഷിതമല്ലാത്ത രാജ്യം എന്ന റുവാണ്ടയുടെ പ്രതിച്ഛായ മാറ്റുവാനും കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, എല്ലാവരും സമാനമായ അഭിപ്രായമുള്ളവരല്ല. പലരും ഈ പദ്ധതിയെ വിമര്‍ശിക്കുന്നുമുണ്ട്. വളരെ കുറച്ച് ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് റുവാണ്ട. അടിസ്ഥാന സൗകര്യങ്ങളും ഏറെ കുറവാണ്. അത്തരം സാഹചര്യത്തില്‍ വിദേശികള്‍ കൂടി ഇവിടെ താമസമാരംഭിച്ചാല്‍, റുവാണ്ടന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന ചെറിയ സൗകര്യങ്ങള്‍ പോലും അവരുമായി പങ്കുവയ്ക്കേണ്ടി വരുമെന്ന് ഭയക്കുന്നവരും ഏറെയാണ്.

അതേസമയം, ബ്രിട്ടനിലും ഈ പദ്ധതി സംബന്ധിച്ച് അവ്യക്തതയും അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്. പുതിയ നിയമം പാര്‍ലമെന്റ് പാസ്സാക്കിയാല്‍ പോലും കോടതി ഇടപെടല്‍ ഒഴിവാക്കാനാവുമോ എന്ന കാര്യത്തിലെ ആശങ്ക നിലനില്‍ക്കുന്നു. സുപ്രീം കോടതി ചൂണ്ടിക്കാണിച്ച മനുഷ്യാവകാശ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്.

എന്നാല്‍, സുപ്രീം കോടതി ഉയര്‍ത്തിയ സുരക്ഷാ പ്രശ്നങ്ങള്‍ക്കൊന്നും സാധ്യതയില്ല എന്ന് അധികൃതര്‍ പറയുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന പാരമ്പര്യം തന്നെ റുവാണ്ടയ്ക്ക് ഉണ്ടെന്ന് ഹോം സെക്രട്ടറി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആഫ്രിക്കയില്‍ നിന്നുള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തി ലിബിയയില്‍ കുടുങ്ങിപ്പോയ അഭയാര്‍ത്ഥികളുടെ കേസുകള്‍ ഇപ്പോള്‍ റുവാണ്ടയിലാണ് നടത്തുന്നത്. ഗഷോറ ട്രാന്‍സിറ്റി ക്യാമ്പ് അതിനൊരു ഉദാഹരണവുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.