സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും. സംയുക്ത താൽപര്യങ്ങൾ സേവിക്കുന്നതിനും മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ വിശകലനം ചെയ്യും.
ഡിസംബർ 16ന് ആയിരിക്കും സുൽത്താൻ ഇന്ത്യയിൽ എത്തുക. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴികക്കല്ലുകൂടിയാകും സുൽത്താന്റെ പ്രഥമ ഇന്ത്യാ സന്ദർശനം. പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിഭവനിൽ ഔദ്യോഗിക വരവേൽപ് നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. സുൽത്താനോടുള്ള ആദരസൂചകമായി ഉച്ചഭക്ഷണവും ഒരുക്കും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
വിവിധ മേഖലകളിൽ കരാറുകളിലും ഒപ്പുവെക്കും.പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഗള്‍ഫ് മേഖലയിലെ പ്രധാന പങ്കാളിയാണ് സുല്‍ത്താനേറ്റ്. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഉന്നതതല സന്ദർശനങ്ങൾ വിവിധ സമയങ്ങളിലായി നടന്നിട്ടുണ്ട്.
2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഈ വർഷം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒമാനിൽ എത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥിരാഷ്ട്രമായിരുന്നു. മേഖലയിലെ തന്നെ ഇന്ത്യയുടെ പഴക്കമേറിയ പങ്കാളിയാണ് ഒമാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല