1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2023

സ്വന്തം ലേഖകൻ: കഴിഞ്ഞ 15 വര്‍ഷക്കാലമായി ബ്രിട്ടനിലെ ദരിദ്രര്‍ ദരിദ്രരായി തന്നെ തുടരുകയാനെന്ന് സെന്റര്‍ ഫോ സോഷ്യല്‍ ജസ്റ്റിസ് (സി എസ് ജെ) പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ദ്ധിക്കാത്ത വേതനം, കുടുംബപ്രശ്‌നങ്ങള്‍, മതിയായ താമസ സൗകര്യമില്ലായ്മ, കുറ്റകൃത്യങ്ങള്‍, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, എന്നിവയ്ക്കൊപ്പം മറ്റു പല പ്രശ്നങ്ങളും കോവിഡ് കാലത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന സമയത്ത് അവര്‍ക്ക് സഹായമെത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ ഊന്നി പ്പറയുന്നുണ്ട്.

വിക്ടോറിയന്‍ കാലഘട്ടത്തിന് ശേഷം ബ്രിട്ടീഷ് സമൂഹത്തില്‍ ദൃശ്യമല്ലാതിരുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രകടമായ അന്തരം തിരിച്ചുവന്നേക്കുമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. സമൂഹം ആഴത്തില്‍ വിഭജിക്കപ്പെടാന്‍ പോകുന്നുവെന്നും, താഴേക്കിടയിലുള്ളവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍വ്വമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടകരമായ നിലയിലേക്കാണ് ഈ വിടവ് പോകുന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് കാലത്തെ ലോക്ക്ഡൗണുകള്‍ സാഹചര്യം കൂടുതല്‍ വഷളാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവജനങ്ങള്‍ക്കിടയില്‍ മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ അത് ഇടയാക്കി. സ്‌കൂളുകളില്‍ ഹാജര്‍ കുറഞ്ഞപ്പോള്‍, വര്‍ക്കിംഗ് ഏജ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കിടയില്‍, എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമായിരുന്നു കോവിഡ് ലോക്ക്ഡൗണ്‍ എന്ന് സി ജെ എസ് ചീഫ് എക്സിക്യുട്ടീവ് ആന്‍ഡി കുക്ക് പറഞ്ഞു.

സമ്പത്തിന്റെ വിതരണത്തില്‍ കേവലം ചര്‍ച്ചകള്‍ക്ക് അപ്പുറം നാം പലതും ചെയ്യേണ്ടതുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ, കടബാധ്യത, മയക്കുമരുന്ന്, കുടുംബ പ്രശ്നങ്ങള്‍ എന്നിവയുടെയൊക്കെ മൂല കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ ടൈംസ് മുന്‍ എഡിറ്റര്‍ മാര്‍ട്ടിന്‍ ലിവെന്‍സ്, മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ലോര്‍ഡ് കിംഗ്, ലേപര്‍ പാര്‍ട്ടി നേതാവും ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായ ആന്‍ഡി ബേണ്‍ഹാം, കണ്‍സര്‍വേറ്റീവ് എം പി മിറിയം കെയ്റ്റ്സ് എന്നിവരടങ്ങിയ സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഈ പഠനത്തിനായി 6000 പേരിലായിരുന്നു ജെ എല്‍ പാര്‍ട്നേഴ്സ് സര്‍വ്വേ നടത്തിയത്. അതില്‍ പകുതിയോളം പേര്‍ അതിദാരിദ്യത്തില്‍ ജീവിക്കുന്ന ഏറ്റവും കുറവ് വേതനം കൈപ്പറ്റുന്നവരുമായിരുന്നു. യു കെയില്‍ അങ്ങോളമിങ്ങ്ളോളം 20 പട്ടണങ്ങളിലും നഗരങ്ങളിലുമായാണ് സര്‍വ്വേ നടത്തിയത്. 350 ഓളം ചാരിറ്റി സംഘടനകളുടെ അഭിപ്രായവും ക്രോഡീകരിച്ചിട്ടുണ്ട്. സാമൂഹ്യ സ്ഥാപനങ്ങള്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും കൂടിയാണ് ഈ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വരുന്ന വസന്തകാലത്ത് പോളിസി റെക്കമെന്‍ഡേഷനുകളായി ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.