1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2023

സ്വന്തം ലേഖകൻ: അയർലൻഡിലെ ആരോഗ്യ മേഖലയെ നിലനിർത്തുന്നത് വിദേശ നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. അവരുടെ സേവനം അംഗീകരിക്കുന്നുവെന്നും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും ലിയോ വരദ്കർ പറഞ്ഞു.

അയർലൻഡിലെ നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും സംഘടനയായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ഇന്‍റർനാഷനൽ നഴ്സസ് വിഭാഗത്തിന്റെ ഇരുപതാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലിയോ വരദ്കർ.

ഡബ്ലിനിലെ റിച്ച്മണ്ട് സെന്ററിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോൺലി, ചിൽഡ്രൻ ഇക്വാലിറ്റി, ഇന്റഗ്രേഷൻ മിനിസ്റ്റർ റോഡറിക് ഒ ഗോർമാൻ എന്നിവർ മുഖ്യഥിതികളായി പങ്കെടുത്തു സംസാരിച്ചു. വിദേശ നഴ്സുമാർക്ക് സുരക്ഷയും സമത്വവും ഉറപ്പു വരുത്തുമെന്നും അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുമെന്നും ഭവന പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്നും സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിമാർ ഉറപ്പു നൽകി.

വാർഷികത്തിന്റെ ഭാഗമായി ആഘോഷ പരിപാടികളും നഴ്സിങ് കോൺഫെറെൻസും സംഘടിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ജോലിക്കെത്തുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കണ്ടെത്തുന്നതിനുമായി 2003 ലാണ് ഐഎൻഎംഒ ഇന്‍റർനാഷനൽ നഴ്‌സസ് വിഭാഗം രൂപീകൃതമായത്.

അയർലൻഡിൽ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാർക്ക് കുടുംബത്തെ കൂടെ കൊണ്ട് വരുവാനുള്ള അനുവാദം, അവരുടെ പങ്കാളിക്ക് ജോലി ചെയ്യാനുള്ള അനുവാദം തുടങ്ങിയവ നേടിയെടുത്തതും സംഘടനയുടെ പ്രധാന നേട്ടങ്ങളിൽ ചിലതാണ്. അയർലൻഡിൽ എത്തുന്ന വിദേശ നഴ്‌സുമാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുഉള്ളവരാണ്. അയർലൻഡ് നഴ്സിംഗ് ബോർഡിന്റെ 2023 ലെ കണക്കുകൾ പ്രകാരം റജിസ്റ്റർ ചെയ്ത 6257 പേരിൽ 4673 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.