സ്വന്തം ലേഖകൻ: യുഎൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം വീറ്റോചെയ്തതിന് പിന്നാലെ ഇസ്രയേലും അമേരിക്കയും അന്തരാരാഷ്ട്രതലത്തിൽ ഒറ്റപ്പെടുന്നു. യുഎൻ ചാർട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറലിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിലായിരുന്നു അമേരിക്ക വീറ്റോ ചെയ്തത്. ഇസ്രയേലിന് കൂടുതൽ ആയുധസഹായവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഗാസയിലെ അടിയന്തര വെടിനിർത്തലിന് യുഎസ് പിന്തുണ നൽകുന്നില്ലെന്ന് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. ഹമാസ് ഇസ്രയേലിന് ഇപ്പോഴും ഭീഷണി ആയതിനാൽ വെടിനിർത്തലിന് സമയപരിധി വെക്കാൻ ഇസ്രയേലിനെ നിർബന്ധിക്കാനാവില്ല. വെടിനിർത്തൽ അടുത്ത യുദ്ധത്തിനുള്ള വിത്തിടാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ആഴ്ചകളോ മാസങ്ങളോയെടുത്താലും ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേൽ പറയുന്നു. അന്തരാരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകളും മറ്റു രാജ്യങ്ങളും ആവശ്യം ഉന്നയിക്കുമ്പോഴാണ് ഇസ്രയേലിന്റെ ഈ നിലപാട്.
അതേസമയം ഗാസയില്‍ ഇസ്രയേൽ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ രാജ്യത്തിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജോ ബൈഡൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല