1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2023

സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ വാഹന പാർക്കിങ് സൗകര്യങ്ങൾ ‘സ്മാർട്’ ആക്കി. ഈ മാസം 20 മുതൽ പുതിയ ഫീസ് ഈടാക്കും. ആശുപത്രികൾ ഉൾപ്പെടെ എച്ച്എംസിയുടെ കീഴിലെ എല്ലാ കേന്ദ്രങ്ങളിലെയും പാർക്കിങ് ഇടങ്ങളിലാണ് കടലാസ് രഹിത സംവിധാനം നടപ്പാക്കിയത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസൃതമായാണ് പുതിയ ഫീസ് നടപ്പാക്കുന്നത്. രോഗികൾക്കും സന്ദർശകർക്കും പുതിയ നടപടി ബാധകമാണ്.

ആദ്യ 30 മിനിറ്റ് പാർക്കിങ് സൗജന്യമാണ്. പിന്നീടുള്ള 2 മണിക്കൂർ വരെ 5 റിയാലും അടുത്ത ഓരോ മണിക്കൂറിനും 3 റിയാൽ വീതവുമാണ് ഫീസ്. പ്രതിദിനം പരമാവധി 70 റിയാലായിരിക്കും ഫീസ്. അര്‍ബുദം, കിഡ്‌നി ഡയാലിസിസ് തുടങ്ങിയ ദീര്‍ഘകാല ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ വാഹനങ്ങളെ പാര്‍ക്കിങ് ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര കേസുകളില്‍ ചികിത്സ തേടി ആശുപത്രിയില്‍ രാത്രി തങ്ങേണ്ടി വരുന്ന രോഗികള്‍ക്കും ഇതു ബാധകമാണ്. ദോഹ, അൽഖോർ, അൽ വക്ര എന്നിവിടങ്ങളിലെ ആശുപത്രികളിൽ വോലറ്റ് പാർക്കിങ് സേവനം ലഭ്യമാണ്. രോഗികൾക്കും സന്ദർശകർക്കും ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ കാർ വാഷ് സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.

കാർഡ് പേയ്‌മെന്റുകൾ മാത്രമേ അനുവദിക്കൂ. സ്മാർട് ഗേറ്റുകളിലൂടെ പാർക്കിങ്ങിൽ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും വാഹനനമ്പർ പ്ലേറ്റുകൾ ക്യാമറ ഓട്ടമാറ്റിക്കായി സ്‌കാൻ ചെയ്യുന്നതിനാൽ പേപ്പർ ടിക്കറ്റ് ആവശ്യമില്ല. ആശുപത്രി സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ബാങ്ക് കാർഡ് ഉപയോഗിച്ച് പാർക്കിങ് ഫീസ് അടയ്ക്കാം. പാർക്കിങ് ഏരിയകളിലെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബാർകോഡ് സ്‌കാൻ ചെയ്ത് ഇ-പെയ്‌മെന്റും നടത്താം. പാർക്കിങ് ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ട രോഗികൾ പേയ്‌മെന്റ് കിയോസ്‌ക്കുകളിൽ ഹെൽത്ത് കാർഡിലെ ബാർകോഡ് സ്‌കാൻ ചെയ്താൽ മതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.