സ്വന്തം ലേഖകൻ: ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.
അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനയില്ല. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്തെത്തി. ഡിസംബർ മൂന്നാം വാരം മുതൽ ജനുവരി രണ്ടാം വാരം വരെയാണ് ഗൾഫിൽ സ്കൂളുകൾക്ക് ശൈത്യകാല അവധി.
ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സരദിനത്തിൽ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിൽ 75,000 രൂപയാണു നിരക്ക്. നിലവിൽ പതിനായിരത്തിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിന് പുതുവത്സര ദിനത്തിൽ 1,61,213 രൂപ നൽകണം.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് നിലവിൽ ഇത്തിഹാദിൽ 26,417 രൂപയ്ക്ക് യാത്ര ചെയ്യാമെങ്കിൽ ക്രിസ്മസ്–പുതുവത്സര സീസണിൽ 50,000 രൂപ നൽകണം. 4 അംഗങ്ങളുള്ള കുടുംബത്തിന് ദുബായിൽനിന്നു നാട്ടിലെത്താൻ 2,00,000 രൂപ ടിക്കറ്റ് ഇനത്തിൽ ചെലവാകുമെന്നു ചുരുക്കം.
കേരള– യുഎഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ് മുൻകൂട്ടി നിരക്ക് ഉയർത്തിക്കഴിഞ്ഞു. നേരത്തേ 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിനു മുകളിൽ നൽകേണ്ടിവരും. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽനിന്നും സീസൺ കഴിയുന്നതുവരെ യുഇഎയിലേക്ക് യാത്രചെയ്യാൻ 40,000 രൂപ വരെയാകും.
ദുബായിൽനിന്ന് കേരളത്തിലേക്ക് ഈ മാസം 22 മുതൽ ജനുവരി 8 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യണമെങ്കിൽ 30,000 രൂപയ്ക്കു മുകളിൽ നൽകണം. നിലവിൽ 12,000 രൂപയാണ് നിരക്ക്. അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കും നിരക്കിൽ മൂന്നിരട്ടിയിലേറെ വർധനയുണ്ട്.
അവധിക്കാലത്തും ഉത്സവ സീസണിലും ഗൾഫിലേക്കും തിരിച്ചും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഓണത്തിന് ചാർട്ടേഡ് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. രാജ്യാന്തര വിമാന സർവീസുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് തടസ്സമാകുന്നത്.
ദുരന്ത സമയത്ത് ആളുകളെ ഒഴിപ്പിച്ച് കൊണ്ടുവരുന്നതിനോ തീർഥാടനത്തിനോ മാത്രമാണു നിലവിൽ രാജ്യാന്തര ചാർട്ടേഡ് സർവീസുകൾ നടത്തുന്നത്. ഇരു രാജ്യങ്ങൾ തമ്മിൽ വ്യോമയാന കരാറിലേർപ്പെടുമ്പോൾ സർവീസുകളുടെ എണ്ണമുൾപ്പെടെ തീരുമാനിക്കുന്നതാണെന്നും അധിക സർവീസുകൾ നടത്തുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല