സ്വന്തം ലേഖകൻ: കെയര്‍ വര്‍ക്കേഴ്സിനുള്ള പുതിയ തലതിരിഞ്ഞ വീസ നിയമങ്ങള്‍ ബ്രിട്ടീഷ് കെയര്‍ മേഖലയെ തകര്‍ക്കുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാനുള്ള കെയര്‍ വര്‍ക്കര്‍മാരുടെ അവകാശം ഇല്ലാതെയാക്കുന്ന പുതിയ നിയമം സോഷ്യല്‍ കെയര്‍ മേഖലയ്ക്കൊപ്പം എന്‍ എച്ച് എസ്സിനെയും തകര്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. പ്രധാനമന്ത്രിക്കുള്ള കത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കര്‍ക്കശമായ പുതിയ് കുടിയേറ്റ നിയമങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതോടെ ഓരോ വര്‍ഷവും ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം കാര്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതിയ നിയമം അനുസരിച്ച് എന്‍ എച്ച് എസ്സിനു വേണ്ടി അല്ലാതെ ജോലി ചെയ്യുന്ന വിദേശ കെയര്‍വര്‍ക്കര്‍മാര്‍ക്ക് ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരാന്‍ കഴിയില്ല.
എന്‍ എച്ച് എസ് കോണ്‍ഫെഡറേഷന്‍, എന്‍ എച്ച് എസ് എംപ്ലോയേഴ്സ്, ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍, ഇന്‍ഡിപെന്‍ഡന്റ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് നെറ്റ്വര്‍ക്ക്, നാഷണല്‍ കെയര്‍ അസ്സോസിയേഷന്‍ എന്നിവയുടെ സഖ്യമായ കവെന്‍ഡിഷ് ഗ്രൂപ്പ് ആണ് ഈ മുന്നറിയിപ്പുമായി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്. വെള്ളിയാഴ്ച്ച അയച്ച ഈ കത്ത് ഇപ്പോള്‍ ദി ഇന്‍ഡിപെന്‍ഡന്റ് ആണ് പുറത്തു വിട്ടിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ കൂടെയില്ലാതെ കെയര്‍ വര്‍ക്കര്‍മാര്‍ യു കെയില്‍ ജോലി ചെയ്യുന്നത് മൗഢ്യമാണെന്ന് കത്തില്‍ പറയുന്നു. സോഷ്യല്‍ കെയര്‍ മേഖലയിലെ വിദേശ ജീവനക്കാര്‍ക്ക് യു കെ ഒരു ആകര്‍ഷണമേ അല്ലാതെയായി മാറും എന്നും അതില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല, എന്‍ എച്ച് എസ്സിനെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ ചട്ടങ്ങളില്‍ നിന്നും ഒഴിവാക്കിയ നടപടി, വിദേശ റിക്രൂട്ട്മെന്റിന്റെ കാര്യത്തില്‍ അനാവശ്യമായ മത്സരം സൃഷ്ടിക്കുമെന്നും അതില്‍ പറയുന്നു.
2022 ഫെബ്രുവരി മാസത്തില്‍ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു കെയര്‍ വര്‍ക്കര്‍മാരെ ഷോര്‍ട്ടേജ് ഒക്ക്യൂപേഷന്‍ ലിസ്റ്റില്‍ ചേര്‍ത്തത്. ഇത് സോഷ്യല്‍ കെയര്‍ മേഖലയിലെ സേവനം മെച്ചപ്പെടുത്താന്‍ സഹായിച്ചു എന്ന് കാവന്‍ഡിഷ് ഗ്രൂപ്പ് പറയുന്നു. നിലവില്‍ 9.9 ശതമാനം ഒഴിവുകള്‍ ഈ മേഖലയില്‍ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ലഭ്യമായ കണക്കുകള്‍ അനുസരിച്ച്, 2022 മാര്‍ച്ചിനും 2023 മാര്‍ച്ചിനും ഇടയിലായി 70,000 പേരാണ് യു കെ യില്‍ എത്തി കെയര്‍ മേഖലയില്‍ ജോലി ആരംഭിച്ചത്.
എന്നിരുന്നാലും, യു കെയിലെ അഡള്‍ട്ട് സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്സിന്റെ വിവരങ്ങള്‍ ശേഖരിക്കുന്ന് സ്‌കില്‍സ് ഫോര്‍ കെയര്‍ പറയുന്നത് രാജ്യത്ത് ഇപ്പോഴുള്ളതിന്റെ 25 ശതമാനം അധികം ജീവനക്കാരെ ഇനിയും ആവശ്യമുണ്ട് എന്നാണ്. 2035 ആകുമ്പോഴേക്കും 4,40,000 പേരെ ഈ മേഖലയില്‍ ആവശ്യമായി വരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, യുകെയിലെ നിലവിലെ കുടിയേറ്റ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും അത് നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞയാഴ്ച പുതിയ നയം പ്രഖ്യാപിച്ചതെന്നും ഹോം ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി. ബ്രിട്ടീഷ് ജനതയുടെ ക്ഷേമത്തിനായി നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കേണ്ടതുണ്ടെന്നും ഹോം ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല