സ്വന്തം ലേഖകൻ: യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസ വാർത്ത. പുതുവർഷത്തിൽ വാഹന ഇൻഷുറൻസ് പ്രീമിയത്തിൽ കാര്യമായ കുറവു വന്നേക്കും. ഈ വർഷം ഇൻഷുറൻസ് പ്രീമിയത്തിൽ 10-15 ശതമാനം വർധന ഉണ്ടായ സാഹചര്യത്തിൽ 2024ൽ നേരിയ വർധന മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് മേഖലയിലുള്ളവർ വിലയിരുത്തിയത്. ഡീലർമാർ നൽകിയ ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ പുതിയ കാർ ഉടമകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
അതേസമയം, ചില ഡീലർമാർ പരിമിതമായ മോഡലുകൾക്ക് രണ്ടു വർഷത്തെ സൗജന്യ ഇൻഷുറൻസ് അനുവദിക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ കാര്യമായ ക്ലെയിമുകൾ ഉണ്ടായിട്ടില്ല എങ്കിൽ റിന്യൂവൽ നിരക്ക് കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. ഉയർന്ന ക്ലെയിം റെക്കോഡുള്ള പോളിസി ഉടമക്ക് പ്രീമിയത്തിലും കാര്യമായ വർധന ഉണ്ടായേക്കുമെന്ന് ഇൻഷുറൻസ് മാർക്കറ്റ് എ.ഇ സി.ഇ.ഒ അവിനാശ് ബാബുർ പറഞ്ഞു. വ്യക്തികളുടെ റെക്കോഡിനനുസൃതമായി ഇത് 15-25 ശതമാനംവരെയാകാം.
ഇത് ഇൻഷൂററുടെ അപകടസാധ്യതയെ പ്രതിഫലിപ്പിക്കുന്നതിനാൽ മികച്ച ഇൻഷുറൻസ് കവറേജ് നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വർഷം ഇൻഷുറൻസ് പ്രീമിയത്തിൽ വർധന വന്നതിൽ ജ്വലന യന്ത്രങ്ങളോ ബാറ്ററി യന്ത്രങ്ങളോ എന്നത് അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദാഹരണത്തിന് ഈ വർഷം ടെസ്ല ഉടമക്ക് ശരാശരി പ്രീമിയം 3475 ദിർഹമിൽനിന്ന് 4016.39 ദിർഹമായി ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല