സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം എയർഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും താളംതെറ്റി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.15നുള്ള കുവൈത്ത് -കോഴിക്കോട് വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെ. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. ബുധനാഴ്ച ഉച്ചക്ക് കുവൈത്തിൽ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാർ കാരണം മുംബൈയിൽ ഇറക്കുകയായിരുന്നു.
തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സുരക്ഷിതമായി കോഴിക്കോട്ടെത്തിച്ചു. കുവൈത്ത്-കോഴിക്കോട് വിമാനത്തിന് തകരാർ സംഭവിച്ചതാണ് വ്യാഴാഴ്ചയിലെ ഷെഡ്യൂൾ വൈകാൻ കാരണമെന്നാണ് സൂചന. എന്നാൽ മുംബൈയിൽ ഇറങ്ങേണ്ടിവന്നത് യാത്രക്കാർക്ക് പ്രയാസം തീർത്തു. ബുധനാഴ്ച വൈകീട്ടോടെ കോഴിക്കോട് എത്തേണ്ട യാത്രക്കാർ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് എത്തിയത്.
വ്യാഴാഴ്ച രാവിലെ 9.10ന് കോഴിക്കോടുനിന്നും കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് ഉച്ചകഴിഞ്ഞ് 12.52നാണ് പുറപ്പെട്ടത്. ഇതോടെ കുവൈത്തിൽ പ്രാദേശിക സമയം 12.15ന് എത്തേണ്ട വിമാനം നാലോടെ ആണ് എത്തിയത്.
കുവൈത്ത്-കോഴിക്കോട് സർവിസ് ഇതേ വിമാനത്തിലായതിനാലാണ് ഉച്ചക്ക് 1.15നുള്ള വിമാനം പുറപ്പെടാൻ വൈകിയത്. വൈകീട്ട് അഞ്ചോടെ പുറപ്പെട്ട വിമാനം രാത്രി 12 കഴിഞ്ഞാണ് കോഴിക്കോട്ടെത്തിയത്. വിമാനം വൈകുന്നത് യാത്രക്കാരെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല