1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഹനാഭ്യാസ വീഡിയോയിലെ മോട്ടോര്‍ സൈക്കിള്‍ ഖത്തര്‍ പോലീസ് പിടിച്ചെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച സൂപ്പര്‍ ബൈക്ക് ഇരുമ്പ് നുറുക്കുന്ന യന്ത്രത്തിലിട്ട് പൊടിയാക്കി കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോള്‍ വൈറലായി.

തന്റെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുംവിധം പൊതുറോഡില്‍ അഭ്യാസ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. മോട്ടോര്‍ സൈക്കിള്‍ ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ മറ്റു നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തടവ് ശിക്ഷയും 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയുമാണ് ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. യുവാവ് ബൈക്കില്‍ എഴുന്നേറ്റ് നിന്ന് ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി തിരക്കേറിയ റോഡിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്നത് മന്ത്രാലയം ഷെയര്‍ ചെയ്ത വീഡിയോയിലുണ്ട്.

തുടര്‍ന്ന് സൂപ്പര്‍ ബൈക്കിന്റെ അടുത്തുനിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍. ഇതിനു പിന്നാലെ വലിയ യന്ത്രക്കൈ ഉപയോഗിച്ച് ബൈക്ക് പൊക്കിയെടുത്ത് ഇരുമ്പുകള്‍ നുറുക്കുന്ന തന്ത്രത്തിലേക്ക് ഇടുന്നു. കറങ്ങുന്ന യന്ത്രത്തില്‍ വീണയുടന്‍ തന്നെ ബൈക്ക് നുറുങ്ങുകയും തീകത്തുകയും ചെയ്യുന്നതാണ് വീഡിയോ. ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള താക്കീത് എന്ന നിലയിലാണ് ആഭ്യന്തര മന്ത്രാലയം വീഡിയോ പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.