സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിയന്ത്രണം മൂലം ലണ്ടനെ കാത്തിരിക്കുന്നത് ജീവനക്കാരുടെ ക്ഷാമം ഉൾപ്പടെയുള്ള വൻ പ്രതിസന്ധികളെന്ന് മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി. നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കല്‍ തലസ്ഥാന നഗരത്തില്‍ വിവിധ മേഖലയിൽ ജീവനക്കാരെ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കും. ആരോഗ്യ മേഖലയില്‍ മാത്രമുള്ള ഒഴിവുകൾ കോവിഡ് മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ്.
കുടിയേറ്റ നിയന്ത്രണം ലണ്ടനിൽ മാത്രമല്ല ബ്രിട്ടനിലും വലിയ തൊഴിൽ പ്രതിസന്ധി ഉണ്ടാക്കുമെന്ന് സാദിഖ് ഖാൻ കൂട്ടിച്ചേർത്തു. കെയര്‍ ഹോം ജീവനക്കാർ ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നത് ഉൾപ്പടെയുള്ള വിലക്കുകളാണ് ഏപ്രിൽ 1 മുതൽ നടപ്പിൽ വരുത്തുവാൻ സർക്കാർ നീങ്ങുന്നത്. ഇതിനെല്ലാം പുറമെ കുടിയേറ്റക്കാരുടെ ഹെല്‍ത്ത് സര്‍ചാര്‍ജും സർക്കാർ വർധിപ്പിച്ചു.
ഈ നീക്കങ്ങള്‍ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സംബന്ധിച്ച വിവരങ്ങള്‍ നടപ്പിലാക്കാൻ ശ്രമിക്കുന്നവർ പുറത്തു വിട്ടിട്ടില്ലന്ന വിമർശനം ഉയരുന്നുണ്ട്. ലണ്ടന്‍ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന മേഖലകളില്‍ വലിയ തോതില്‍ ജീവനക്കാരെ നഷ്ടപ്പെടുമെന്ന് ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
ലണ്ടൻ മേഖലയിൽ മാത്രം ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ആര്‍ട്‌സ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലായി 1 മില്യൻ ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 46% പേരും ബ്രിട്ടിഷ് ഇതര പൗരന്‍മാരാണ്. ഇതിൽ ഹെൽത്ത് കെയർ മേഖല കടുത്ത അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമുണ്ടാകും. ജീവനക്കാരുടെ കുറവ് കെയർ ഹോമുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചേക്കാം.
പങ്കാളികളായ ആശ്രിതരെ കൊണ്ടുവരാൻ കഴിയില്ലെങ്കിൽ പലരും കെയര്‍ ഹോം മേഖലയിലേയ്ക്ക് ജോലിക്കായി എത്താത്ത സാഹചര്യം ഉണ്ടാകും. ഇത്തരം ഒരു സാഹചര്യത്തിലാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വം നൽകുന്ന ബ്രിട്ടിഷ് സർക്കാരിനെതിരെ ലേബർ പാർട്ടി നേതാവ് കൂടിയായ സാദിഖ് ഖാൻ വിമർശനം ഉന്നയിക്കുന്നത്.
ഇതിനിടയിൽ വിദേശ തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ വരുത്താൻ സർക്കാർ തയ്യാറായേക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. നിലവിൽ ബ്രിട്ടിഷ് പൗരന്മാരായ വിദേശികൾക്ക് നിലവിൽ പ്രഖ്യാപിച്ച കുടിയേറ്റ നിയമങ്ങൾ ബാധകമാകില്ലെന്ന സൂചനയാണ് ലഭ്യമാകുന്നത്.
എന്നാൽ ഏപ്രിൽ 1 ന് മുൻപ് യുകെയിൽ എത്തുന്ന എല്ലാവർക്കും പുതിയ നിയമങ്ങൾ ബാധകമാക്കരുതെന്ന ആവശ്യമാണ് പൊതുവിൽ ഉയരുന്നത്. അങ്ങനെ വന്നാൽ പതിനായിരക്കണക്കിന് മലയാളികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാർക്ക് ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല