1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2023

സ്വന്തം ലേഖകൻ: കുവൈത്ത് അമീർ ഷെയ്‌ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അല്‍ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗവും കുവൈത്തിൻറെ പതിനാറാം അമീറുമായിരുന്നു ശൈഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അൽ അല്‍ സബാഹ്.

അർദ്ധ സഹോദരന്‍ ഷെയ്‌ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ സബാഹിന്റെ മരണത്തെ തുടർന്ന് 2020-ലാണ് ഷെയ്‌ഖ് നവാഫ് അധികാരത്തിലേറിയത്. അധികാരത്തിലേറുന്നതിന് മുന്‍പ് പതിറ്റാണ്ടോളം ഉയർന്ന പദവി ഷെയ്‌ഖ് നവാഫ് വഹിച്ചിരുന്നു. 1990-ല്‍ ഇറാഖ് സൈന്യം ആക്രമിക്കുമ്പോള്‍ ഷെയ്‌ഖ് നവാഫായിരുന്നു പ്രതിരോധ മന്ത്രി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസമായിരുന്നു ഷെയ്‌ഖ് നവാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അരനൂറ്റാണ്ടിന്റെ ഭരണപരിചയവും വിവിധ മേഖലകളിലെ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച മികവുമായാണ് ഷെയ്ഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്. അതിർത്തി കാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയിൽ മുൻപേ ശ്രദ്ധേയനായിരുന്നു.

സാമൂഹിക-തൊഴിൽ മന്ത്രി എന്ന നിലയിൽ വിധവകൾ, പ്രായമുള്ളവർ, അനാഥർ എന്നിവരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികളുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. പത്താമത്തെ അമീർ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പുത്രനായ ഷെയ്ഖ് നവാഫ്, 1961ൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം 1978ൽ ആഭ്യന്തരമന്ത്രിയും 1988ൽ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തിൽ സാമൂഹിക-തൊഴിൽ മന്ത്രിയുമായി.

1994 മുതൽ 2003 വരെ നാഷനൽ ഗാർഡ് ഉപമേധാവിയായിരുന്നു. 2006 വരെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന പദവി വഹിച്ചു. 2006 മുതൽ കിരീടാവകാശിയായി. അദ്ദേഹത്തെ ഡപ്യൂട്ടി അമീർ ആക്കിയ ശേഷമാണു ഷെയ്ഖ് സബാഹ് യുഎസിൽ ചികിൽസയ്ക്കായി തിരിച്ചത്. രാജ്യചരിത്രത്തിലെ പതിനാറാമത്തെയും ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആറാമത്തെയും അമീറാണ് ഷെയ്ഖ് നവാഫ്.

ജാബിർ, സാലിം ശാഖകളിൽ നിന്ന് ഒന്നിടവിട്ട ഊഴങ്ങളിൽ അമീർ എന്ന കീഴ്‌വഴക്കം തിരുത്തിയാണ് അദ്ദേഹം അമീറായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അമീറും 2 മുൻഗാമികളും ജാബിർ ശാഖയിൽ നിന്നുള്ളവരാണ്. ഇടയ്ക്ക് സാലിം ശാഖയിൽ നിന്ന് സഅദ് അമീർ ആയെങ്കിലും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.