സ്വന്തം ലേഖകൻ: ഖത്തർ റെയിലിന്റെ ലുസെയ്ൽ സിറ്റിയിലെ 5 ട്രാം സ്‌റ്റേഷനുകൾക്ക് പേരുമാറ്റം. എനർജി സിറ്റി സൗത്ത് ഇനി അൽ വെസ്സിൽ എന്ന് അറിയപ്പെടും. ലുസെയ്ൽ സെൻട്രലിന്റെ പേര് തർഫത് സൗത്ത് എന്നും എസ്പ്ലനേഡ് സ്റ്റേഷന്റെ പേര് മറീന നോർത്ത് എന്നുമാണ് അറിയപ്പെടുക.
മറീന പ്രോമനേഡിന്റേത് മറീന സെൻട്രൽ എന്നും മറീനയുടേത് മറീന സൗത്ത് എന്നും മാറ്റി. സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയെങ്കിലും റൂട്ടുകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യമാണ് ലുസെയ്ൽ സിറ്റിയിൽ ട്രാം പ്രവർത്തനം തുടങ്ങിയത്.
അതിനിടെ ഖത്തർ ദേശീയദിന ആഘോഷങ്ങളുടെ പ്രധാന വേദിയായ ദർബ് അൽ സായിയിൽ സന്ദർശക തിരക്കേറി. കത്താറയിലും ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. ദർബ് അൽസായിയിൽ 10 ദിവസത്തെ പ്രൗഢഗംഭീരമായ ആഘോഷങ്ങൾക്ക് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്.
ദേശഭക്തിയും പൈതൃക പെരുമയും പ്രതിഫലിപ്പിക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്. സാംസ്‌കാരിക സംഗമങ്ങൾ, പരമ്പരാഗത സൂഖ്, സാംസ്‌കാരിക, കലാ പരിപാടികൾ എന്നിവ കാണാനെത്തുന്നവരുടെ തിരക്കേറി തുടങ്ങി. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ദർബ് അൽ സായിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല