1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2023

സ്വന്തം ലേഖകൻ: പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനേക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

“ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്‌സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സുരക്ഷാവീഴ്ചയിൽ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടു. എന്നാൽ, ലോക്‌സഭയ്ക്കുള്ളിലെ സുരക്ഷ സെക്രട്ടേറിയറ്റിന്റെ പരിധിയിലാണെന്നും കേന്ദ്രത്തെ ഇടപെടാൻ അനുവദിക്കില്ലെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി.

“ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവാദിത്വത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. ഞങ്ങൾ അതും അനുവദിക്കില്ല,” പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചു. “ഞങ്ങൾ പാർലമെന്റിൽ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നു, പക്ഷേ ആഭ്യന്തരമന്ത്രി ഒന്നും പറയുന്നില്ല, അദ്ദേഹം ടിവി ഷോകളിൽ സംസാരിക്കുന്നു, പക്ഷേ പാർലമെന്റിനകത്തില്ല, ഇത് ജനാധിപത്യത്തിന് നല്ലതല്ല,” ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

പാർലമെന്റിന്റെ സുരക്ഷ ലംഘിച്ച യുവാക്കൾ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ കാരണം തൊഴിലില്ലാത്ത യുവാക്കളാണെന്ന് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയും ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്, അത് രാജ്യത്തുടനീളം തിളച്ചുമറിയുകയാണ്, മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർലമെന്റിൽ അതിക്രമിച്ചു കയറിയവർക്ക് കോൺഗ്രസ്, ടിഎംസി, സിപിഎം എന്നീ കക്ഷികളുമായുള്ള അടുത്ത ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ നേതാക്കളും വിശദീകരിക്കണമെന്ന് ബി.ജെ.പി. ഐ.ടി. ഇൻ ചാർജ് അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈസമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു.

മറ്റു രണ്ടു പ്രതികളായ അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. സംഭവത്തിൽ മുഖ്യസൂത്രധാരൻ എന്ന് കരുതുന്ന ലളിത് ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആകെ ആറ് പേരാണ് അറസ്റ്റിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.