1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2023

സ്വന്തം ലേഖകൻ: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങകളില്‍ പങ്കെടുത്തത്.

കുവൈത്തിന്റെ പ്രിയപ്പെട്ട അമീറിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതേരാടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. പുതിയ അമീര്‍ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ്‌ അല്‍ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,മന്ത്രിമാര്‍, മക്കള്‍, സഹോദരങ്ങള്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ മുതലായവര്‍ നമസ്കാരത്തിൽ പങ്കെടുത്തു.

രാവിലെ ഒമ്പത് മണിക്ക് ബിലാൽ ബിൻ റബാഹ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും വിദേശികളുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. പുതിയ അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും മറ്റ് രാജകുടുംബാംഗങ്ങളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബയാൻ പാലസിൽ അനുശോചനം സ്വീകരിക്കുമെന്ന് അമീറി ദിവാന്‍ അറിയിച്ചു.

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും. അമീറിന്റെ നിര്യാണത്തെ തുടർന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ശൈഖ് നവാഫിന്റെ വിയോ​ഗത്തെ തുടർന്ന് കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശൈഖ് നവാഫ് അന്തരിച്ചത്. 86 വയസായിരുന്നു.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആദരസൂചകമായി ഇന്ത്യയിലുടനീളം ഞായറാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കാൻ സർക്കാർ തീരുമാനിച്ചു.

ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ വിയോഗത്തെക്കുറിച്ച് അറിയുന്നതിൽ ദുഃഖമുണ്ടെന്നും കുവൈത്തിലെ രാജകുടുംബത്തോടും നേതൃത്വത്തോടും ജനങ്ങളോടും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി തന്‍റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.