സ്വന്തം ലേഖകൻ: അഭിപ്രായ സര്‍വ്വേകളില്‍ ലേബര്‍ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുകയാണെങ്കിലും, ലീഡില്‍ കാര്യമായ കുറവ് വരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍വ്വേയില്‍ ലേബര്‍, ടോറികളേക്കാള്‍ 13 പോയിന്റുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ ലീഡ് ആണിത്. അതേസമയം, കഴിഞ്ഞയാഴ്ച്ച ഇടിഞ്ഞ കിയര്‍ സ്റ്റാര്‍മറുടെയും ഋഷി സുനകിന്റെയും ജനപ്രീതി ഈയാഴ്ച്ചയും വലിയ മാറ്റമില്ലാതെ തുടരുകയാണ്. സ്റ്റാര്‍മറുടെ ജനപ്രീതി കഴിഞ്ഞയാഴ്ച്ചയിലേത് പോലെ മൈനസ് 9 ആയി തുടരുമ്പോള്‍ ഋഷിയുടെ ജനപ്രീതി മൂന്ന് പോയിന്റ് വര്‍ദ്ധിച്ച് മൈനസ് 29 ല്‍ എത്തിയിട്ടുണ്ട്.
റുവാണ്ടന്‍ പദ്ധതി സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച പുതിയ നിയമം പാസ്സാക്കിയെടുക്കാന്‍ ആയതാണ് ഋഷിക്ക് തുണയായത് എന്ന് കരുതുന്നു. വിമതശല്യം സാമര്‍ത്ഥ്യപൂര്‍വ്വം മറികടന്ന് ബില്‍ പാസ്സാക്കുകയായിരുന്നു ഋഷി സുനക്. ആഴ്ച്ചകളോളം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം തുടര്‍ന്നെങ്കിലും ബില്‍ അവതരണ വേളയില്‍ ആരും എതിര്‍പ്പുമായി വന്നില്ല എന്നത് ശ്രദ്ധേയമായി.
ലേബര്‍ പാര്‍ട്ടിയുടെ മേല്‍ക്കൈ ഇപ്പോഴും രണ്ടക്കത്തില്‍ തുടരുന്നുണ്ടെങ്കിലും അതില്‍ കാര്യമായ തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഏറ്റവും അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടായിരുന്നു ലേബര്‍ പാര്‍ട്ടിക്ക് നേടാനായത്. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 27 ശതമാനം മാത്രമെ നേടാനായുള്ളു. അതേസമയം, അടുത്ത പ്രധാനമന്ത്രി ആരെന്ന കാര്യത്തില്‍ സ്റ്റാര്‍മര്‍, ഋഷിക്ക് മേല്‍ ആറ് പോയിന്റിന്റെ ലീഡ് നേടിയിട്ടുണ്ടെങ്കിലും, ഇവരൊന്നുമല്ല എന്ന ഓപ്ഷനു തന്നെയാണ് ഇപ്പോഴും ഏറ്റവും അധികം വോട്ട് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അടുത്ത കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഋഷി സുനകിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഋഷി ഇപ്പോള്‍ രാജിവയ്ക്കാന്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്. നേരെ മറിച്ച് ബോറിസ് ജോണ്‍സന്റെയും ലിസ് ട്രസ്സിന്റെയും പ്രധാനമന്ത്രി പദത്തിലുള്ള അവസാന നാളുകളില്‍, അവര്‍ രാജിവയ്ക്കണം എന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു എന്നതോര്‍ക്കണം.
ജോണ്‍സണ്‍ രാജിവയ്ക്കണമോ എന്ന ചോദ്യത്തിന് അന്ന് 67 ശതമാനം പേരായിരുന്നു വേണം എന്ന് അഭിപ്രായപ്പെട്ടത്. ലിസ് ട്രസ്സിന്റെ കാര്യത്തില്‍ അത് 80 ശതമാനമായിരുന്നു. ഇപ്പോള്‍ 40 ശതമാനം പേര്‍ മാത്രമാണ് ഋഷി സുനക് രാജിവയ്ക്കണം എന്ന് ആവശ്യപ്പെടുന്നത്. 34 ശതമാനം പേര്‍ ഋഷി ആ സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
കുടിയേറ്റം രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയായി തുടരുമ്പോഴും വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്‍ എച്ച് എസ്സ് വെയിറ്റിംഗ് സമയം കുറക്കുന്നതിനാണെന്ന് അഭിപ്രായ സര്‍വ്വേ ഫലം തെളിയിക്കുന്നു. കോസ്റ്റ് ഓഫ് ലിവിംഗ്, ഇന്ധന വില എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. കുടിയേറ്റത്തിന് ഇപ്പോള്‍ നാലാം സ്ഥാനത്ത് മാത്രമാണ് ജനങ്ങളുടെ പരിഗണന ലിസ്റ്റില്‍ സ്ഥാനം. എന്നിരുന്നാലും കൂടുതല്‍ ജനങ്ങള്‍ കുടിയേറ്റത്തിനും പരിഗണന നല്‍കാന്‍ തയ്യാറായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല