സ്വന്തം ലേഖകൻ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് കോഴിക്കോട് മിഠായിത്തെരുവിലെത്തി. താൻ ഹൽവ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. നഗരത്തിലെത്തിയ ഗവർണർ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയിൽ നിന്ന് ഹൽവ രുചിക്കുകയും ചെയ്തു.
കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നിരവധി പേർ ഗവർണർക്ക് ആഭിവാദ്യം അർപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും ജീവനക്കാരോടൊപ്പം സെൽഫിയെടുത്തും ഗവർണർ മുന്നോട്ട് നീങ്ങി. ഉച്ചയ്ക്ക് 1.15-ഓടെയാണ് അദ്ദേഹം മിഠായിത്തെരുവിൽ നിന്ന് മടങ്ങിയത്.
വൻ പോലീസ് സന്നാഹമാണ് ഗവർണറുടെ വരവിനോടനുബന്ധിച്ച് മിഠായിത്തെരുവിലും പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് മിഠായിത്തെരുവ്. ഗവർണർ കൂടെ എത്തിയതോടെ തടിച്ചുകൂടിയ ജനങ്ങളെ മാറ്റാൻ പോലീസ് പാടുപെട്ടു. തന്നെ വെല്ലുവിളിച്ച പ്രതിഷേധക്കാർക്കുള്ള മറുപടിയായാണ് ഗവർണറുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
സർവകലാശാല കാമ്പസിൽ ഗവർണറെ കാലുകുത്തിക്കില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ, തന്നെ അക്രമിക്കണമെന്നുള്ളവർക്ക് നേരിട്ട് വരാമെന്നായിരുന്നു ഗവർണറുടെ മറുപടി. തന്റെയടുത്ത് നിന്ന് പോലീസിനെ മാറ്റിനിര്‍ത്തിയാല്‍, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല