സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു സേവന കാലം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന തുക (എൻഡ് ഓഫ് സർവീസ്) സേവനകാലത്ത് തന്നെ സുരക്ഷിത ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണമുള്ള നിക്ഷേപ പദ്ധതികളാണ് രാജ്യം അവതരിപ്പിച്ചത്.
സർക്കാർ അംഗീകൃത ഫണ്ടുകളിലാണ് പണം നിക്ഷേപിക്കേണ്ടത്. അവിദഗ്ധ തൊഴിലാളുകളുടെ തുക ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ നിക്ഷേപിക്കാം. വിദഗ്ധ തൊഴിലാളികൾക്ക് താൽപര്യമനുസരിച്ച് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം. ഇസ്‌ലാമിക നിയമ പ്രകാരം ഓഹരികൾ സ്വീകരിക്കുന്ന പദ്ധതിയിലും തുക നിക്ഷേപിക്കാം. എൻഡ് ഓഫ് സർവീസായി നിശ്ചിത തുക മാത്രമേ ലഭിക്കൂ. എന്നാൽ, അത് പ്രതിമാസ നിക്ഷേപമായി നൽകിയാൽ സേവന കാലം പൂർത്തിയാകുമ്പോൾ പലിശയടക്കം കൂടുതൽ തുക ലഭിക്കും.
5 വർഷം സേവനം പൂർത്തിയാക്കിയ ആൾക്ക് പ്രതിമാസം അടിസ്ഥാന വേതനത്തിന്റെ 5.83 ശതമാനമാണ് നിക്ഷേപ പദ്ധതിയിലേക്ക് നൽകേണ്ടത്. 5 വർഷത്തിനു മുകളിൽ സർവീസുള്ളവർക്ക് 8.33% നിക്ഷേപത്തിലേക്ക് നൽകാം. ഓരോ മാസവും ആദ്യ 15 ദിവസത്തിനുളളിൽ നിശ്ചിത തുക നിക്ഷേപ ഫണ്ടുകളിൽ ലഭിച്ചിരിക്കണം. മൊത്തം വേതനത്തിന്റെ 25% ൽ കൂടുതൽ നിക്ഷേപ ഫണ്ടിലേക്ക് നൽകാനാകില്ല.
തൊഴിലുടമ വഴിയുള്ള നിക്ഷേപമായതിനാൽ തൊഴിൽ ബന്ധം അവസാനിച്ച് 14 ദിവസത്തിനകം നിക്ഷേപത്തുകയും അതിൽ നിന്നുണ്ടായ വരുമാനവും തിരിച്ചു നൽകണമെന്നാണ് നിയമം. ആവശ്യമെങ്കിൽ നിക്ഷേപം തുടരാനും പിൻവലിക്കാനും തൊഴിലാളിക്ക് അവസരമുണ്ട്. മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയ മാനദണ്ഡങ്ങൾ പ്രകാരമാണ് തൊഴിലാളികളുടെ എൻഡ് – ഓഫ് സർവീസിനു പകരമുള്ള നിക്ഷേപ പദ്ധതിയിൽ തൊഴിലുടമ അപേക്ഷിക്കേണ്ടത്.
തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പണപ്പെരുപ്പത്തിന്റെ ദൂഷ്യങ്ങളിൽ നിന്ന് സംരക്ഷിക്കുക, തൊഴിലുടമകൾ പാപ്പരാകുന്നതിൽ നിന്ന് രക്ഷിക്കുക, സുരക്ഷിത സമ്പാദ്യ ശീലം വർധിപ്പിക്കുക, രാജ്യത്തെ നിക്ഷേപ സംരംഭങ്ങളിൽ ഭാഗഭാക്കാകാൻ അവസരം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
യുഎഇ സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റിയുടെ അംഗീകാരമുള്ള നിക്ഷേപക ഫണ്ടിലാകണം പണം നൽകേണ്ടത്. സ്ഥാപനത്തിലെ എല്ലാ തൊഴിലാളികൾക്കോ നിശ്ചിത വിഭാഗത്തിനോ വേണ്ടി സ്പോൺസർക്ക് അപേക്ഷ നൽകാനും അനുമതിയുണ്ട്. തൊഴിലാളികളുടെ തസ്തിക അടിസ്ഥാനമാക്കിയും അപേക്ഷിക്കാം. ഫണ്ടിൽ ചേരുന്നവർക്ക് പതിവ് എൻഡ് ഓഫ് സർവീസ് ആനുകൂല്യമുണ്ടായിരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല