1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2023

സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് സ്ഥാപനങ്ങള്‍ നടത്താന്‍ കര്‍ക്കശ വ്യവസ്ഥകളുള്ളതിനാല്‍ സൗദിയിലെ സ്ത്രീകളുടെ പേരില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് സമ്പാദിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ബിനാമി പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ അല്‍ റിയാദ് ദിനപത്രമാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

രാജ്യത്ത് നാലു ലക്ഷം വ്യാപാര ലൈസന്‍സുകളാണ് വനിതകളുടെ പേരില്‍ നിലവിലുള്ളത്. ഈ വര്‍ഷം സൗദി വനിതകളുടെ പേരില്‍ സ്ഥാപന ലൈസന്‍സുകള്‍ നേടുന്നത് വര്‍ധിച്ചു. 57,000ത്തോളം സ്ഥാപനങ്ങളാണ് 2023 ആദ്യ മൂന്നു പാദത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ആദ്യ പാദത്തില്‍ 17,916 ഉം രണ്ടാം പാദത്തില്‍ 17,510 ഉം മൂന്നാം പാദത്തില്‍ 21,596 ഉം സ്ഥാപനങ്ങള്‍ വനിതകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

സൗദി വ്യാപാര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചെറുകിട പലചരക്ക് കടകളാണ് ഇവയിലധികവും. വ്യാപാരികളായി ഇത്രയധികം സൗദി വനിതകള്‍ മാര്‍ക്കറ്റിലില്ലെന്നിരിക്കെ ഇവയില്‍ നല്ലൊരു ശതമാനവും ബിനിമി ബിസിനസുകാര്‍ നടത്തുന്നവയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബിനാമി ബിസിനസ് വഴി പണമുണ്ടാക്കുന്നത് വിദേശ വ്യാപാരികളായതിനാല്‍ ഇതിന്റെ പ്രയോജനം രാജ്യത്തിനു ലഭിക്കാതെ പോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാപനത്തിന്റെ ഉടമയ്ക്ക് മാസത്തിലോ വര്‍ഷത്തിലോ നിശ്ചിത തുക നല്‍കിയാണ് വിദേശികള്‍ സ്ഥാപനങ്ങള്‍ നടത്തുന്നത്. നിക്ഷേപക ലൈസന്‍സ് ഉള്ള വിദേശികള്‍ക്ക് മാത്രമാണ് സ്വന്തംപേരില്‍ സൗദിയില്‍ സ്ഥാപനം തുടങ്ങാനാവുക. മാത്രമല്ല, സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവര്‍ക്ക് പലവിധ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തരക്കാരും ഭാര്യയുടെയും മറ്റും പേരില്‍ സ്ഥാപനങ്ങള്‍ തുടങ്ങുകയാണ് ചെയ്യാറുള്ളത്.

ഉടമ തന്നെ സ്ഥാപനം നടത്തുകയാണെങ്കില്‍ നിത്വാഖാത്ത് നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍ ഇതിന് ഉടമ സ്ഥാപനത്തില്‍ ജോലിക്കാരനായി ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കാരനായി ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ ഇതിന് സാധിക്കില്ല. ജോലിയില്ലാത്ത സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാവും.

കഴിഞ്ഞ മാസം ബിനാമി സ്ഥാപനങ്ങളെന്ന് സംശയം തോന്നുന്ന 5,000ത്തിലേറെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായാണിത്. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, സലൂണുകള്‍, ജനറല്‍ കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍, വാഹന വര്‍ക്ക്ഷോപ്പുകള്‍ എന്നിവയാണ് കൂടുതലായും പരിശോധിച്ചത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഏതാനും സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിക്കുകയും കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.

ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കോടതിയുടെ അനുമതിയോടെ അനധികൃത സമ്പാദ്യം കണ്ടുകെട്ടും. സ്ഥാപനം അടപ്പിക്കല്‍, കൊമേഴ്സ്യല്‍ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കല്‍, വിദേശികളെ നാടുകടത്തല്‍, സൗദി പൗരന്മാര്‍ക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്ക് എന്നീ ശിക്ഷകളും സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.